പേജുകള്‍‌

2010 മേയ് 6, വ്യാഴാഴ്‌ച

നാരായണഗുരുവിന്റെ കലാദര്‍ശനം

നാരായണ ഗുരുവിന്റെ കലാദര്‍ശനം

രജികുമാര്‍.റ്റി.ആര്‍.


നാരായണ ഗുരുവിന്റെ കലാദര്‍ശനം എന്നു പറയുമ്പോള്‍ ഗുരുവിന്റെ ദര്‍ശനം എന്നതില്‍ നിന്നു ഭിന്നമല്ല അത്. ദര്‍ശനാവിഷ്കരണ ഭംഗിയാണത് എന്നു പഠനസൗകര്യത്തിനുവേണ്ടി പറയാം. കാരണം കവിയായ ഗുരുവിനെ അറിയാന്‍ ശ്രമിക്കുമ്പോഴും എത്തിച്ചേരുന്നത് ഋഷിയായ ഗുരുവിലാണ്. ഋഷിയും കവിയും രണ്ടല്ല എന്ന സത്യം പൗരാണിക ഭാരതീയര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുള്ളതുമാണ്.

നാനൃഷിഃ കവിരിത്യുക്ത

മൃഷിശ്ച കില ദര്‍ശനാത്

ദര്‍ശനാത് വര്‍ണനാദ് വാപി

രൂഢാ ലോകേ കവിശ്രുതിഃ

വിചിത്ര ഭാവധര്‍മാംശ

തത്ത്വ പ്രഖ്യാ ച ദര്‍ശനം.

ഋഷിയല്ലാത്തവന്‍ കവിയല്ല. ദര്‍ശനശക്തിയാണ് ഒരാളെ ഋഷിയാക്കുന്നത്. ദര്‍ശനത്തിനും വര്‍ണനത്തിനുമുള്ള ദക്ഷത മൂലമാണ് ഒരാള്‍ കവിയായി അറിയപ്പെടുന്നത്. ദര്‍ശനം എന്നത് വിചിത്ര ഭാവധര്‍മാംശതത്ത്വപ്രഖ്യയാണ്. അതായത് ഭാവങ്ങളുടെയും ധര്‍മാംശങ്ങളുടെയും തത്ത്വത്തെക്കുറിച്ചുള്ള വ്യക്തതയാണ്.

ഭട്ടതൗതന്‍ എന്ന ഒരു വലിയ കാവ്യശാസ്ത്രകാരന്‍ കാവ്യകൗതുകം എന്ന ഗ്രന്ഥത്തില്‍ പറഞ്ഞുവെച്ചിട്ടുള്ളതാണിത്.

കവി ഋഷിയായിരിക്കണം. ഋഷിയാകുന്നതിന് ദര്‍ശനം ഉണ്ടാവണം. എന്താണ് ദര്‍ശനം? വെറും കാഴ്ചയാണോ അത്? ഭട്ടതൗതന്‍ പറയുന്നു. വിചിത്രഭാവങ്ങളുടെയും ധര്‍മാംശങ്ങളുടെയും തത്ത്വപ്രഖ്യയാണ്, തത്ത്വത്തെക്കുറിച്ചുള്ള വ്യക്തതയാണ് ദര്‍ശനം. വിചിത്രഭാവങ്ങളിലെ ഭാവം മനോവികാരമാണ്. പ്രപഞ്ചപദാര്‍ത്ഥങ്ങളാണ് അതിനു ഹേതുവായി വരുന്നത്. ധര്‍മം എന്നാല്‍ ധരതി വിശ്വമിതി ധര്‍മഃ - വിശ്വത്തെ ധരിച്ചുനിര്‍ത്തുന്നത് എന്ന് വാച്യാര്‍ത്ഥം. യത് അഭ്യുദയ നിശ്രേയസ സിദ്ധിഃ സധര്‍മഃ - ഭൗതികവും ആദ്ധ്യാത്മികവുമായ സുഖത്തിന്റെ പരമകാഷ്ഠ ഉണ്ടാക്കിത്തരുന്നതാണ് ധര്‍മം എന്ന് യാജ്ഞവല്ക്യനും പറയുന്നു. പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ, അതു ഹേതുവായി വരുന്ന മനോവികാരങ്ങളുടെ, ഭൗതികവും ആധ്യാത്മികവുമായ സുഖപ്രാപ്തിയുടെ എല്ലാം അടിസ്ഥാനമായിരിക്കുന്ന പൊരുളിനെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചയാണ് ദര്‍ശനം.

അങ്ങനെയുള്ള ദര്‍ശനമുള്ളവനാണ് കവി.

പ്രപഞ്ചത്തിലുള്ള ഓരോന്നിന്റെയും സ്വരൂപം, സ്വഭാവം, സ്വധര്‍മം ഇവ വേര്‍തിരിച്ചെടുക്കുക, ആ ദര്‍ശനത്തെ വര്‍ണനാനൈപുണ്യത്തോടെ ആവിഷ്കരിക്കുക - അപ്പോള്‍ കാവ്യമായി, സാഹിത്യമായി. ഓരോ പ്രഭാതത്തിലും ആരാലും ശ്രദ്ധിക്കപ്പെടാതെ എത്രയോ പൂക്കള്‍ കെഴിഞ്ഞുപോകുന്നു. അങ്ങനെ കൊഴിഞ്ഞു വീണ ഒരു പൂവിന് അമരത്വം നല്കുവാന്‍ അല്ലെങ്കില്‍ ആ പൂവിന്റെ ചിത്രീകരണത്തിലൂടെ മനുഷ്യജീവിത മഹാസമസ്യയെക്കുറിച്ച് തത്ത്വവിചാരം ചെയ്യുവാന്‍ കഴിയുമ്പോള്‍ അത് സാഹിത്യമാകുന്നു. താരും തളിരും താരാജാലങ്ങളും ഒപ്പം താമരാക്ഷികളും മാത്രമുള്ള പ്രപഞ്ചത്തിന്റെ പരഭാഗശോഭ നിപുണതയോടെ വര്‍ണിക്കുന്നതാണ് സാഹിത്യം എന്നു കരുതിയിരുന്ന കുമാരകവിയെ മഹാകവിയാക്കി മാറ്റിയ രാസപ്രക്രിയ നടന്നത് ഗുരു നികടത്തിലാണ്.ശൃംഗാര കവിതകള്‍ എഴുതരുത് എന്നത് ഒരു അനുശാസനമായിരുന്നു. ഗുരുവിന്റെ സാഹിത്യദര്‍ശനം അവിടെ തെളിയുന്നു.

ആത്മോപദേശശതകത്തില്‍ ഗുരു പറയുന്നു.

ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-

പ്രതിമയെഴും കരണപ്രവീണനാളും

രതിരഥമേറിയഹന്തരമ്യരൂപം

പ്രതി പുറമേ പെരുമാറിടുന്നജസ്രം.


ഒരു രതി തന്നെയഹന്തയിന്ദ്രിയാന്തഃ

കരണകളേബരമെന്നിതൊക്കെയായി

വിരിയുമിതിന്നു വിരാമമെങ്ങു, വേറാ-

മറിവവനെന്നറിവോളമോര്‍ത്തിടേണം.

കാതു തുടങ്ങിയ പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകള്‍. ആ കുതിരകളെ പൂട്ടിയ രഥം. ആ രഥത്തില്‍ പ്രതിമയായിരിക്കുന്ന, അഥവാ നിര്‍മമനായിരിക്കുന്ന ആത്മാവ്. തേരാളിയായിരിക്കുന്നത് അന്തഃകരണം. തേരാളിയുടെ ഇഷ്ടാനുസരണം പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പ്രയാണം ചെയ്യുന്നു. അന്തഃകരണം തെളിക്കുന്ന മാര്‍ഗത്തിലൂടെ സഞ്ചരിച്ച് വിഷയാനന്ദത്തില്‍ മുഴുകിക്കഴിയുന്ന ആത്മാവിനെ അഹന്തയെ പ്രതിമ എന്നാണ് ഗുരു രൂപണം ചെയ്തിരിക്കുന്നത്. വെറും നിശ്ചേതനമായിരിക്കുന്ന പ്രതിമ എന്നു പറഞ്ഞുകൂടാ. കേവലം ഭോക്താവു മാത്രമായി പ്രതിമയെപ്പോലെയിരിക്കുന്നു എന്നു കരുതിയാല്‍ മതി. വിഷയാനന്ദം ഏറ്റവും ശ്രേഷ്ഠമായി കരുതുന്നു. താരും തളിരും താരാജാലങ്ങളും താമരാക്ഷികളും ഉള്‍പ്പെടുന്ന പ്രപഞ്ച സൗന്ദര്യത്തെ അന്വേഷിച്ച്, അതിനെ വര്‍ണിച്ച് ഇന്ദ്രിങ്ങളാകുന്ന കുതിരകളെ പായിക്കുന്നു.

എന്നാല്‍ ഈ പ്രപഞ്ചസത്യം തന്നെയാണ് താന്‍ അഥവാ ആത്മസത്യം എന്നറിയുമ്പോഴോ? അടുത്ത ശ്ലോകത്തില്‍ അതാണു പറയുന്നത്.

ഒരു രതി തന്നെയാണ് അഥവാ ഒരേ ആനന്ദം തന്നെയാണ് അഹന്തയും ഇന്ദ്രിയങ്ങളും അന്തഃകരണങ്ങളും ശരീരവും എല്ലാമായി വിരിഞ്ഞു നില്ക്കുന്നത്. ഇതി അറിയുന്നതു വരെ അറിയുന്നവന്‍ വേറായി നില്ക്കുന്നു. ബാഹ്യമായ തന്നില്‍ നിന്നന്യമായ സൗന്ദര്യം ആവിഷ്കരിക്കുന്നതിനും അത് ആസ്വദിക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തിനും അറിയുന്നവന്‍ വേറായി നില്ക്കുന്ന കാലം വരെയേ പ്രസക്തിയുള്ളൂ. ഒന്നും ഒന്നില്‍നിന്നും വേറല്ലാതിരിക്കുന്നു എന്നറിയുമ്പോഴും ഒരു ആനന്ദമുണ്ട്. അത് ആത്മാവിന്റെ ആനന്ദസ്വരൂപമാണ്. ആ ആനന്ദസ്വരൂപത ആവിഷ്കരിക്കുമ്പോള്‍ കാവ്യാനന്ദം ബ്രഹ്മാനന്ദം തന്നെയാകുന്നു. ആ ആനന്ദത്തെക്കുറിച്ചറിയുന്നവന്‍ ദര്‍ശനമുള്ളവനാകുന്നു. ഈ ദര്‍ശനശക്തിയാണ് ഒരാളെ ഋഷിയാക്കുന്നത്. അതാണ് ഭട്ടതൗതന്‍ പറഞ്ഞത് 'ഋഷിശ്ച കില ദര്‍ശനാത് 'എന്ന്. അതുകൊണ്ടാണ് ഗുരുവിലെ കവിയെ അന്വേഷിക്കുമ്പോഴും ഋഷിയായ ഗുരുവില്‍ തന്നെ നാം എത്തിച്ചേരുന്നത്.

ഋഷി ഒരു സാഹിത്യസൃഷ്ടി നടത്തുകയല്ല. തന്റെ ഉള്ളിലുള്ള ദര്‍ശനത്തെ, ആന്തരിക പ്രത്യക്ഷത്തെ, പരമമായ ആനന്ദത്തെ ഭാഷയുടെ സഹായത്തോടെ ആവിഷ്കരിക്കുമ്പോള്‍ സാഹിത്യരൂപം സ്വയമാര്‍ജിക്കുകയാണ്. ആത്മീയസൗന്ദര്യം കാവ്യസൗന്ദര്യമായി ഭാവം പകരുകയാണ്. ഗുരുവിന്റെ ഓരോ കാവ്യവും ഇതിന് ഉത്തമ നിദര്‍ശനമാണ്.

ഭാരതീയാലങ്കാരികന്മാര്‍ കവിക്ക് ഉണ്ടായിരിക്കേണ്ട സിദ്ധികള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പ്രതിഭ, വ്യുത്പത്തി, അഭ്യാസം എന്നിവ. യഥാര്‍ത്ഥ കവി പ്രതിഭാധനനായിരിക്കും. പ്രതിഭ തന്നെ മൂന്നു വിധമുണ്ട്. സഹജപ്രതിഭ, ആഹാര്യപ്രതിഭ, ഔപദേശികപ്രതിഭ. പൂര്‍വജന്മാര്‍ജിതമായി ലഭിക്കുന്നതാണ് സഹജപ്രതിഭ. ആര്‍ജിതമാണ് ആഹാര്യപ്രതിഭ. ഉപദേശത്തിലൂടെ ലഭിക്കുന്നതാണ് ഔപദേശികപ്രതിഭ. സഹജപ്രതിഭയുടെ ഉടമകളാണ് ശ്രേഷ്ഠര്‍. ഇത്തരം കവികളെ സാരസ്വതകവികള്‍ എന്നാണ് വിളിക്കുന്നത്. ഗുരുവിന്റെ എല്ലാ കൃതികളും സഹജപ്രതിഭയുടെ സ്വയം പ്രകാശിനികളാണ്. അതു മനസ്സിലാക്കുവാന്‍ ഒരു കൃതിയോ ഒരു ശ്ലോകമോ പരിശോധിച്ചാല്‍ മതിയാകും.കടലിലെ വെള്ളത്തിന്റെ രുചി മനസ്സിലാക്കുവാന്‍ കടല്‍വെള്ളം മുഴുവന്‍ കുടിക്കേണ്ടതില്ലല്ലോ.

ആത്മോപദേശശതകത്തിലേക്കു നോക്കാം. ശാസ്ത്രയുഗത്തിനു ചേര്‍ന്നരീതിയില്‍ ദര്‍ശനം ആവിഷ്കരിച്ചിരിക്കുകയാണ്. അറിവിലുമേറി അറിഞ്ഞിടുന്നവന്‍ തന്‍ ഉരുവിലുമൊത്ത് പുറത്തും ഉജ്ജ്വലിക്കുന്ന കരുവിനെ അന്വേഷിച്ച് പ്രണവാകാരത്തിലെത്തിച്ചേരുന്ന അനുഭൂതിയുടെ ആവിഷ്കാരം. ഈ അന്വേഷണത്തിന് സഹായകമായ ഉപദേശം വാക്കുകളിലൂടെയും ഭാഷയിലൂടെയും നല്കുന്നു. ആദ്യ ശ്ലോകത്തില്‍ അവതരിപ്പിച്ചിരിക്കുന്ന കരു എല്ലാത്തിനും ആദിബീജമായിരിക്കുന്ന ആത്മസത്യം തന്നെയാണ്. കരു എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് മുട്ടയുടെയൊക്കെ കരുവിനെയാണ്. മുട്ടയ്ക്കുള്ളിലെ ജീവന്റെ തുടിപ്പാണ് അതിലെ കരു. മുട്ടയെ ചേതനയുള്ളതാക്കുന്നത് കരുവാണ്. അതുപോലെ ഈ ലോകത്തെ ചൈതന്യവത്താക്കുന്ന കരുവിനെയാണ് നമ്മള്‍ അന്വേഷിക്കുന്നത്. വ്യംഗ്യചമത്കാരത്തിന്റെ ആസ്വാദ്യത ഇവിടം മുതല്‍ തുടങ്ങുകയാണ്. എല്ലാ കൃതികളിലും ഇങ്ങനെ തന്നെയാണ് - പദം,വാക്യം, ഛന്ദസ്സ്, ശില്പഘടന, ബിംബകല്പന, രസസന്നിവേശ ചാരുത എല്ലാം ഏറ്റവും അനുയോജ്യമായിരിക്കുന്നു.

പദഘടനയുടെ പ്രത്യേകതയാണ് ആദ്യം മനസ്സിനെ വശീകരിക്കുന്നത്. ഉള്ളും വെളിയും നിറഞ്ഞ അനുഭൂതി ആവിഷ്കരിക്കുമ്പോള്‍ പദങ്ങള്‍ ഏറ്റവും അനുയോജ്യമായ രീതിയില്‍ തിങ്ങിത്തുളുമ്പി നില്ക്കുന്ന കാഴ്ചയാണ് ഗുരുവിന്റെ എല്ലാ കൃതികളിലും കാണുന്നത്.

വാരണപ്പള്ളിയില്‍ പഠിക്കുന്ന ചെറിയ പ്രായത്തില്‍ എഴുതിയ ശ്രീകൃഷ്ണദര്‍ശനം മുതല്‍ അത്യന്തം ഗഹനമായ ദര്‍ശനമാല വരെ ഏതുകൃതിയിലും നിരനിരയായി നിരന്നു വരുന്ന പദങ്ങള്‍ ഇതിനു തെളിവാണ്.

നമദ്ദേവവൃന്ദം ലസദ്വേദകന്ദം

ശിരഃശ്രീ മദിന്ദും ശ്രിതശ്രീമുകുന്ദം

ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം

ജടാഹീന്ദ്രകുന്ദം ഭജേfഭീഷ്ടസന്ദം(വിനായകാഷ്ടകം)

ശ്രീവാസുദേവ സരസീരുഹ പാഞ്ചജന്യ

കൗമോദകീ ഭയനിവാരണ ചക്രപാണേ

ശ്രീവത്സ വത്സ സകലാമയ മൂലനാശിന്‍

ശ്രീ ഭൂപതേ ഹരഹരേ സകലാമയംമേ (ശ്രീവാസുദേവാഷ്ടകം)

ശിവശങ്കര ശര്‍വ ശരണ്യ വിഭോ

ഭവസങ്കടനാശന പാഹി ശിവ

കവി സന്തതി സന്തതവും തൊഴുമെന്‍

ഭവനാടകമാടുമരുമ്പൊരുളേ (ശിവപ്രസാദ പഞ്ചകം)

മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ-

റ്റിണങ്ങി നില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കി നക്കിടും

ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-

ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മംഗളം! (സദാശിവദര്‍ശനം)

പഞ്ജരമാമുടല്‍ മുതലാം

പഞ്ഞിയിലറിവായിടുന്ന തീയിടിലും

മഞ്ഞുകണങ്ങള്‍ കണക്കി-

മ്മഞ്ജുള വെയില്‍ കൊണ്ടപായമടയുന്നു. (സ്വാനുഭവഗീതി)

ബ്രഹ്മമുഖാമര വന്ദിത ലിംഗം

ജന്മ ജരാമരണാന്തക ലിംഗം

കര്‍മനിവാരണ കൗശല ലിംഗം

തന്‍മൃദുപാതു ചിദംബര ലിംഗം(ചിദംബരാഷ്ടകം)

നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!

നമോ നാരദാദീഡ്യ പാദാരവിന്ദേ

നമോ നാന്മറയ്ക്കും മണിപ്പൂം വിളക്കേ!

നമോ നാന്മുഖാദി പ്രിയാംബാ നമസ്തേ! (കാളിനാടകം)

ശ്രീമച്ഛങ്കരപാണി പല്ലവ കിരല്ലോലംബമാലോല്ലസ-

ന്മാലാലോലകലാപകാള കബരീഭാരാവലീ ഭാസുരീം

കാരുണ്യാമൃതവാരിരാശി ലഹരീ പീയൂഷ വര്‍ഷാവലീം

ബാലാംബാം ലളിതാളകാമനുദിനം ശ്രീഭദ്ര കളീം ഭജേ!-(ഭദ്ര കാള്യഷ്ടകം)

ഈ വരികളിലൊക്കെ പദങ്ങളുടെ മേളനം അയത്നസിദ്ധമായി വരുന്നതാണ്. പദപ്രയോഗത്തിന്റെ കാര്യത്തില്‍ ഒരു പുതിയ പന്ഥാവു തന്നെ ഗുരു സൃഷ്ടിച്ചു. ആത്മോപദേശശതകത്തിലെ ഉപദേശത്തിന്റെ സ്വരത്തിലുള്ള പദങ്ങള്‍ ഉദാഹരണം-ആണിടേണം,തേറിടേണം,ഭജിച്ചിടേണം- ഇവയില്‍ ആണിടേണം എന്ന പദം ശ്രദ്ധിക്കുക. ആഴുക എന്ന ക്രിയയില്‍ നിന്നും ഗുരു സൃഷ്ടിച്ച പദമാണത്.

പദങ്ങളുടെ മനോജ്ഞസമ്മേളനം മനോഹരവാക്യങ്ങളുടെ പിറവിയായിത്തീരുന്നു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി

മദ്യം ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്

മുടപ്പെടുന്നു പൊന്‍പാത്രം കൊണ്ടു സത്യമതിന്‍ മുഖം

പല മതസാരവുമേകം

ഒരു പീഢയെറുമ്പിനും വരുത്തരുത്

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം.

നാവികന്‍ നീ ഭവാബ്ധിക്കൊ-

രാവിവന്‍ തോണി നിന്‍പദം.

കൊല്ലുന്നവനില്ല ശരണ്യതമ-

റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

മനുഷ്യാണാം മനുഷ്യത്വം ജാതിഃ

ഇങ്ങനെ മനുഷ്യരുടെ നിത്യവ്യവഹാരത്തില്‍ പതിഞ്ഞുപോയ എത്രയെത്ര വാക്യങ്ങള്‍. പഴഞ്ചൊല്ലുകള്‍ പോലെ സരളമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഉപനിഷത് മന്ത്രങ്ങള്‍ പോലെ അനന്തമായ അര്‍ത്ഥത്തെ വഹിക്കുന്നവ. ലഘിമയും ഗരിമയും ഒന്നിച്ചിണങ്ങി നില്ക്കുന്ന രചനാസൗകുമാര്യം.

ഈ വാക്യങ്ങളുടെ, ഇവ ചേര്‍ന്നു വരുന്ന കാവ്യങ്ങളുടെ ആകര്‍ഷകത്വത്തിനുള്ള

മറ്റൊരു കാരണം ഛന്ദസ്സിന്റെ ഭംഗിയാണ്. സംസ്കൃത വൃത്തങ്ങളാണ് പ്രധാനമായും ഗുരു ഉപയോഗിച്ചത്.അതും സംഗീതസാന്ദ്രമായ വൃത്തങ്ങള്‍.

ഭുജംഗപ്രയാതം,സ്രഗ്ദ്ധര, ശാര്‍ദ്ദൂലവിക്രീഡിതം, വസന്തതിലകം, കുസുമമഞ്ജരി, ദോധകം, മല്ലിക, മത്തേഭം, പഥ്യ, മൃഗേന്ദ്രമുഖം, പഞ്ചചാമരം, പുഷ്പിതാഗ്ര, മദനാര്‍ത്താ, ഗീതി, അനുഷ്ടുപ്പ് ഇങ്ങനെ എത്രയെത്ര വൃത്തങ്ങളാണ് ഗുരു ഉപയോഗിച്ചിട്ടുള്ളത്. ഇവയില്‍ സ്രഗ്ദ്ധര, ശാര്‍ദ്ദൂലവിക്രീഡിതം,വസന്തതിലകം, അനുഷ്ടുപ്പ് തുടങ്ങിയ വൃത്തങ്ങള്‍ മാത്രമാണ് ക്ലാസിക് ശൈലിയില്‍ എഴുതിയ കവികള്‍ പോലും പ്രായേണ ഉപയോഗിച്ചിരുന്നത്. ഇവയോടൊപ്പം ഗുരു ചടുലതാളത്തിലുള്ള ഹ്രസ്വവൃത്തങ്ങള്‍ -മദനാര്‍ത്താ, നര്‍ക്കുടകം, ഭുജംഗപ്രയാതം, പത്ഥ്യ തുടങ്ങിയവ പ്രയോജനപ്പെടുത്തി.

ഒരു വരിയില്‍ 22 അക്ഷരങ്ങള്‍ നിരന്നു വരുന്ന സമവൃത്തമാണ് മത്തേഭം. സംഗീതസാന്ദ്രമായ ഈ വൃത്തത്തിന്റെ ചാരുത കണ്ടറിയാന്‍ ഗുരുവിനല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. വൃത്തമഞ്ജരിയില്‍ മത്തേഭ വൃത്തത്തിന് ഉദാഹരണമായി നല്കുന്നതിന് പദ്യമൊന്നും ലഭ്യമല്ലാതിരുന്നതിനാല്‍ ഏ.ആര്‍.രാജരാജവര്‍മ സ്വന്തമായി ഒന്നു രചിക്കുകയാണുണ്ടായത്. 1904-ലാണ് വൃത്തമഞ്ജരി ആദ്യം പ്രസിദ്ധീകരിച്ചത്. 1884-ല്‍ ഷാണ്‍മാതുരസ്തവവും നവമഞ്ജരിയും ഗുരു രചിച്ചുവെങ്കിലും ഏ.ആര്‍. അതൊന്നും കണ്ടില്ല എന്നു വേണം കരുതുവാന്‍. ജനനീനവമഞ്ജരി പിറന്നത് പിന്നീടാണ്.

ആത്മോപദേശശതകത്തിലെ ദര്‍ശനഗരിമ ആസ്വാദ്യകരമായി അവതരിപ്പിക്കുവാന്‍ പുതുമയുള്ള ഒരു വൃത്തം തന്നെ ഗുരുവിന് ആവിഷ്കരിക്കേണ്ടി വന്നു. മൃഗേന്ദ്രമുഖം എന്ന ഈ വൃത്തത്തെപ്പറ്റി ഏ.ആര്‍.തിരുമേനി ഒന്നും മിണ്ടുന്നില്ല. ശിവശതകത്തിലെ ഏതാനും ശ്ലോകങ്ങളും ഇതേവൃത്തത്തിലാണ് രചിച്ചിരിക്കുന്നത്.

ഗുരു കൂടുതലായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു വൃത്തം അനുഷ്ടുപ്പാണ്. ആദികവിയുടെ ആദ്യ ശ്ലോകവും വേദമന്ത്രങ്ങളും മുതല്‍ ഗഹന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉപയോഗിച്ചിട്ടുള്ള വൃത്തമാണിത്. ഒരു വരിയില്‍ എട്ടക്ഷരം നിരന്നുവരുന്ന ഈ വൃത്തത്തിന് മന്ത്രഭാഷയുടെ പ്രൗഢിയുണ്ട്. ഗദ്യഭാഷയുടെ ആവിഷ്കരണസൗകര്യവുമുണ്ട്. ദര്‍ശനമാല എഴുതുവാന്‍ ഗുരു ഉപയോഗിച്ചത് ഈ വൃത്തമാണ്. അനുഷ്ടുപ്പിന്റെ സംഗതാത്മകത ദൈവദശകത്തിലൂടെ ഗുരു കാണിച്ചുതന്നു. ദൈവദശകത്തിന്റെ ലാളിത്യത്തിനും ഗാംഭീര്യത്തിനുമുള്ള ഒരു കാരണം അതിന്റെ വൃത്തഘടനയാണ്. ജാതിനിര്‍ണയം, ജാതിലക്ഷണം, ആശ്രമം, നിര്‍വൃതിപഞ്ചകം, ശ്ലോകത്രയീ, ധര്‍മം, സദാചാരം, ഭാര്യാധര്‍മം, അഹിംസ, സമാധിശ്ലോകങ്ങള്‍, തിരുക്കുറള്‍ ഭാഷ, ഈശാവാസ്യോപനിഷദ്ഭാഷ എന്നിവയിലും ഈ വൃത്തം ഉപയോഗിച്ചിരിക്കുന്നു.

വിനായകാഷ്ടകവും മണ്ണന്തലദേവീസ്തവത്തിലെ മൂന്നാം ശ്ലോകവും ഭുജംഗപ്രയാതം വൃത്തത്തിലുള്ളതാണ്. ഈ വൃത്തത്തിന്റെ ഘടന തന്നെ ചങ്ങലക്കണ്ണിയിലെന്ന പോലെ കൊരുത്തുചേര്‍ത്തു നിര്‍മ്മിക്കുന്ന സിംഹവിക്രാന്തം എന്ന ദണ്ഡകമാണ് കാളിനാടകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സൃഷ്ടി സ്ഥിതി സംഹാര കാരിണിയായ ദേവിയുടെ ലാസ്യതാണ്ഡവങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ താളഘടനയാണ് ഇതിനുള്ളത്.

കുണ്ഡലിനിപ്പാട്ടിന്റെ വൃത്തം ഒന്നു പ്രത്യേകമാണ്. പരമാത്മചൈതന്യവുമായുള്ള യോഗാനുഭൂതി ആവിഷ്കരിക്കുവാന്‍ ഉറക്കുപാട്ടിന്റെ ശീലിലുള്ള മഞ്ജരിയാണ് ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്തമായ പല ഈണങ്ങളില്‍ മനോഹരമായി പാടുവാന്‍ സഹായിക്കുന്നതാണ് മഞ്ജരിയുടെ ചൊല്‍വടിവ്. തിരുവാതിരപ്പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റെയും വടക്കന്‍പാട്ടിന്റെയും ഒക്കെ ഈണത്തിന് മഞ്ജരിയുടെ മട്ട് വഴങ്ങും.

സംഗീതസാന്ദ്രമായ വൃത്തങ്ങളാണ് ഗുരു ഉപയോഗിച്ചത്. കുണ്ഡലിനിപ്പാട്ടൊഴികെ എല്ലാം സംസ്കൃതവൃത്തങ്ങളാണ്. ഗുരു തനിക്കുണ്ടായ ദര്‍ശനവും അനുഭൂതിയും ഭാഷയിലേക്ക് ആവിഷ്കരിച്ചപ്പോള്‍ സ്വാഭാവികമായി അവ താളത്തില്‍ പിറന്നുവീണു. സംസ്കൃതകാവ്യാനുശീലനം അതിനു സഹായകമായി. ഋഷിയുടെ സഹജഭാവം അതിനു പ്രേരകമായി.

ഗുരുവിന്റെ എല്ലാ കൃതികളും അലങ്കാരശബളിതമാണ്. ഈ അലങ്കാരങ്ങള്‍ ദര്‍ശനഗരിമയെ അല്പവും ലഘൂകരിക്കുന്നില്ല. എന്നു മാത്രമല്ല, ദര്‍ശത്തനിമയെ സ്പഷ്ടമാക്കാനുതകുന്ന വര്‍ത്തിനികളായി പ്രശോഭിക്കുകയും ചെയ്യുന്നു.

ശബ്ദാലങ്കാരങ്ങളാണ് ഗുരു ഏറെ ഉപയോഗിച്ചത്. അയത്നലളിതമായി ശബ്ദവിന്യാസം നടത്തുവാന്‍ കഴിവുള്ള ഗുരുവിന് പ്രാസഭംഗി ഏറെ ഇഷ്ടമായിരുന്നു. സജാതീയ ദ്വിതീയാക്ഷരപ്രാസം ഏറെ ഇഷ്ടം. പ്രാസവാദകോലാഹലം നടന്ന അക്കാലത്ത് ഗുരു പ്രാസപക്ഷപാതിയായി നിലകൊണ്ടു എന്ന് കരുതേണ്ടതില്ല. അത്തരം വാദകോലാഹലങ്ങള്‍ക്കൊന്നും ഗുരു ചെവി കൊടുത്തിരുന്നില്ലല്ലോ. ആത്മീയചാരുതയും കാവ്യസൗന്ദര്യവും ചോര്‍ന്നുപോകാതെ പ്രാസം ദീക്ഷിക്കുവാന്‍ ഗുരുവിനു കഴിഞ്ഞു. സ്തോത്രങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കുവാനും മനം നിറഞ്ഞ് ആലപിക്കുവാനും മനസ്സിനെ ഏകാഗ്രമാക്കുവാനും പ്രാസഭംഗി ഉപകരിക്കുമെന്ന് ഗുരുവിന് അറിയാമായിരുന്നു.

അന്ത്യപ്രാസത്തിന്റെ ഇമ്പമുള്ള വിനായകാഷ്ടകവും അകാരാദിക്രമത്തില്‍ ശ്ലോകങ്ങള്‍ അടുക്കിയ ഷണ്മുഖസ്തോത്രവും നാരായണകൃതമഞ്ജരി എന്ന് ശ്ലോകാദ്യത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് സൃഷ്ടിച്ചിരിക്കുന്ന നവമഞ്ജരിയും കാണാപ്പാഠം പഠിക്കുന്നതിന് എളുപ്പമാണ്. അന്താദിപ്രാസവും കാണാപ്പാഠത്തിനുള്ള എളുപ്പവഴിയാണ്. സ്വാനുഭവഗീതിയാണ് അന്താദിയാല്‍ ശോഭിതമായിരിക്കുന്നത്. ഗുഹാഷ്ടകത്തില്‍ ഉപയോഗിച്ചിട്ടുള്ള യമകം ഏറെ ഹൃദ്യമാണ്.

രൂപകങ്ങളുടെയും ഉപമകളുടെയും പരമ്പര തന്നെ ഗുരു ഉപയോഗിച്ചിട്ടുണ്ട്. ആത്മോപദേശശതകം മാത്രം ഒന്നു പരിശോധിച്ചുനോക്കാം. പത്താമത്തെ ശ്ലോകത്തില്‍ ആത്മാവിനെ എങ്ങനെ കണ്ടെത്താമെന്നു പറയുന്നു. ഇരുട്ടുമുറിയിലിരിക്കുന്ന രണ്ടുപേര്‍. ഒരാള്‍ ചോദിക്കുന്നു- നീയാര്? അപരന്റെ മറുപടി- ഞാന്‍. പിന്നെയൊരു ചോദ്യം കൂടി- നീയാര്? അപ്പോള്‍ ആദ്യത്തെയാള്‍ പറയുന്നു- ഞാന്‍. രണ്ടുപേര്‍ക്കും ഒരേ ഉത്തരം. ഇങ്ങനെ എല്ലാവരിലും സമാനമായിരിക്കുന്നതെന്തോ അതാണ് ആത്മാവ്. ഇതിലുപരിയായി ആത്മാവിനെ വ്യക്തമായി ലളിതമായി വിവരിച്ചുതരുവാന്‍ ആര്‍ക്കുകഴിയും!

അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടുതട്ടായ്-

ചുഴലുമനാദി വിളക്കു തൂക്കിയാത്മാ 17-ാം ശ്ലോകത്തില്‍ ആത്മാവിനെ ഒരു വിളക്കായി രൂപണം ചെയ്തിരിക്കുന്നു. ആ വിളക്കിന് അഞ്ചു തിരികള്‍ - പഞ്ചേന്ദ്രിയങ്ങള്‍. അത് എപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ് - ഇന്ദ്രിയവിഷയങ്ങളില്‍ മുഴുകിയിരിക്കുകയാണ്. രൂപകാതിശയോക്തിയുടെ ചമത്കാരം. അതുപോലെ കടലിന്റെയും തിരയുടെയും ഉപമ ഗുരുവിന് ഏറെ പ്രിയമാണ്. ജലനിധി തന്നിലുയര്‍ന്നിടും തരംഗാവലി(3-ാം ശ്ലോകം) അലകളുമാഴിയും(50-ാം ശ്ലോകം) കടലിലെഴും തിരപോലെ(56-ാം ശ്ലോകം) അലയറുമാഴി(57-ാം ശ്ലോകം) പ്രകൃതിജലം തനുഫേന,മാഴിയാത്മാവഹമഹമെന്നലയുന്നതൂര്‍മി ജാലം(75-ാം ശ്ലോകം)

മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേലണിയണിയായല വീശിടുന്ന വണ്ണം(76-ാം ശ്ലോകം) ഇങ്ങനെ ഉദാഹരണങ്ങള്‍!

മങ്ങിയ വെളിച്ചത്തില്‍ കയറിനെ പാമ്പായി കാണുന്ന ഭ്രമം വേദാന്തത്തിലെ പ്രസിദ്ധമായ ഉപമയാണ്. ജളന്, അറിവില്ലാത്തവന് പാമ്പായി തോന്നിയാലും മനോഹരമായ പൂമാല പാമ്പായിത്തീരുകയില്ലല്ലോ എന്ന് ഈ ഉപമയെ ഉദാത്തീകരിക്കുവാന്‍ ഗുരുവിനു കഴിയുന്നു.

ജളനു വിലേശയമെന്നു തോന്നിയാലും

നലമിയലും മലര്‍മാല നാഗമാമോ!

എല്ലാറ്റിലും ധര്‍മിയായിരിക്കുന്ന അറിവ് ഈ ഭൂമി മുതലായ പഞ്ചഭൂതങ്ങളായി പ്രതീതമാകുന്നു. എങ്ങനെയെന്നാല്‍ തീക്കൊള്ളി വട്ടത്തില്‍ കറക്കുമ്പോള്‍ ഉണ്ടാകുന്ന വലയം എന്നതുപോലെ. വേദാന്തരഹസ്യം എത്ര സുവ്യക്തമാകുന്നു. ഗുരു ഉപയോഗിച്ചിട്ടുള്ള അലങ്കാരങ്ങളുടെയെല്ലാം പ്രത്യേകത അത് ചമത്കാരം വര്‍ദ്ധിപ്പിക്കുന്നു എന്നതു മാത്രമല്ല, തന്റെ ആന്തരിക പ്രത്യക്ഷം ലളിതസുന്ദരമായി ആവിഷ്കരിക്കുവാനും സഹായിക്കുന്നു എന്നതാണ്.

ഗുരുവിന്റെ കൃതികളില്‍ മിക്കതിലും മുഖ്യരസം ശാന്തമാണ്. നവരസങ്ങളോടൊപ്പം ചില ആലങ്കാരികന്മാര്‍ പരിഗണിച്ചിട്ടുള്ള ഭക്തിരസത്തെ ശാന്തരസം പരിപോഷിപ്പിക്കുന്നു എന്നും പറയാം. സ്തോത്രകാവ്യങ്ങളുടെയെല്ലാം പര്യവസാനം ശാന്തരസത്തില്‍ തന്നെ. കാളിനാടകത്തില്‍ ദേവീരൂപവര്‍ണനയില്‍ ശൃംഗാരരസത്തിനാണ് സ്ഥാനം. ഭദ്രകാള്യഷ്ടകത്തിലും ശൃംഗാരത്തിന്റെ ആസ്വാദ്യത അനുഭവപ്പെടും. ശിവശതകത്തിലെ കാമിനീഗര്‍ഹണഭാഗത്ത് ബീഭത്സരസത്തിന് സ്ഥാനമുണ്ട്. പിണ്ഡനന്ദി കരുണരസ പ്രധാനമാണ്.

ഗുരുവിന്റെ കാവ്യകലാദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴേക്കും ആഴം കൂടി വരികയാണ്. ഒരു ജീവിതകാലമത്രയും അന്വേഷിച്ചറിയാനുള്ള വക അതിലുണ്ട്.

ഒരു പ്രാര്‍ത്ഥന മാത്രം....

കുളിര്‍മതി കൊണ്ടു കുളിര്‍ത്തു ലോകമെല്ലാ-

മൊളിതിരളുന്നൊരു വെണ്ണിലാവു പൊങ്ങി

തെളുതെളെ വീശിവിളങ്ങി ദേവലോക-

ക്കുളമതിലാമ്പല്‍ വിരിഞ്ഞു കാണണം മേ!

ആനന്ദം തന്നെയാകുന്ന ഒരേ വെണ്ണിലാവില്‍ ലോകമെല്ലാം നിറഞ്ഞു ശോഭിക്കുന്ന നിമിഷത്തില്‍ ദേവലോകക്കുളത്തില്‍ ആമ്പല്‍ വിരിഞ്ഞുവരുന്നത് എനിക്കു കാണുമാറാകണം, ആത്മാവിന്റെ ആനന്ദസ്വരൂപത കൈവരിക്കുവാന്‍ എനിക്ക് അനുഗ്രഹമുണ്ടാകണം.

...............................................................................

2010 മേയ് 4, ചൊവ്വാഴ്ച

പ്രിയമൊരു ജാതി,യിതെന്‍ പ്രിയം ത്വദീയ-
പ്രിയ,മപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം,തന്‍
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

പ്രിയമപരന്റെയതെന്‍ പ്രിയം,സ്വികീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയ,മതിനാലെ നരന്നു നന്മ നല്കും
ക്രിയയപരപ്രിയഹേതുവായ് വരേണം.

അപരനു വേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മ രൂപം,
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
പ്പൊരു തൊഴിലാത്മവിരോധിയോര്‍ത്തിടേണം,
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.

ആത്മോപദേശശതകം ൨൧-൨൫ നാരായണഗുരു