പേജുകള്‍‌

2012 നവംബർ 10, ശനിയാഴ്‌ച

യാത്ര

ഹിമവാന്റെ മടിത്തട്ടില്‍
രജികുമാര്‍.റ്റി.ആര്‍
സിംലയുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ ആദ്യം മനസ്സില്‍ നിറയുന്നത് ആ നല്ല ഹൈമവതഭൂവിനോടുള്ള ആദരവാണ്. അതിന്റെ നിറവില്‍ ഒന്നു നമസ്കരിക്കാതിരിക്കാനാവില്ല. എവിടെ തിരിഞ്ഞാലും മരങ്ങളുടെ പച്ചപ്പ്. കൂടുതലും ദേവദാരു മരങ്ങള്‍. ഒന്നിനു മേല്‍ ഒന്നായി അടുക്കടുക്കായി വച്ചിരിക്കുന്ന കുന്നുകള്‍. കുന്നുകളുടെ പള്ളകളില്‍ വെട്ടിയൊരുക്കിയ പാതകളിലൂടെ ഒഴുകി നീങ്ങുന്ന വാഹനനിര. മരങ്ങളുടെ പച്ചപ്പില്‍ പാതിമറഞ്ഞ് നിലകൊള്ളുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍. കുന്നുകളിലെങ്ങും നിറഞ്ഞ് ദേവദാരുത്തണലില്‍ സുഖശയനം ചെയ്യുന്ന ഒരു മഹാനഗരം. കുന്നുകളുടെ ഏറ്റവും മുകളില്‍ വൈസ്രോയി മന്ദിരം. അവിടെയാണ് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയുടെ (IIAS) ആസ്ഥാനം.
ചരിത്രത്തിലെ എത്രയെത്ര മഹാസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ്. ഭാരതചരിത്രത്തില്‍ ഇടം പിടിച്ച എത്രയോ മഹാന്മാരുടെ പാദങ്ങള്‍ പതിഞ്ഞ മണ്ണാണ്. ശിരസ്സില്‍ ദേശീയ പതാകയുമേന്തി ആകാശത്തേക്കു മുഖമുയര്‍ത്തി നില്ക്കുന്ന വൈസ്രോയി മന്ദിരം അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. പഴമയുടെ പ്രൗഢിയും പേറി അതങ്ങനെ നില്ക്കുകയാണ്. പണ്ട് യൂണിയന്‍ ജാക്ക് പറന്നിരുന്ന സ്ഥാനത്താണ് ഇന്ന് ദേശീയപതാക പാറിക്കളിക്കുന്നത്. വൈസ്രോയി മന്ദിരത്തിലേക്കു കടന്നാല്‍ ആരും പറയും ഇതു തന്നെ സ്വര്‍ഗം. എന്നാല്‍ അതിനു തൊട്ടടുത്തുള്ള തടവറയിലേക്കു പോയാലോ - നരകത്തിനേക്കാള്‍ വലിയ നരകം. പകല്‍ പോലും വെളിച്ചം കടക്കാത്ത ഇടുങ്ങിയ മുറികള്‍. ഭഗത് സിങ്ങിനെയും മഹാത്മജിയെയും അടച്ചിരുന്ന കുടുസ്സുമുറികള്‍. കുന്നിന്റെ ഏറ്റവും താഴെയുള്ള റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തടവറയിലേക്ക് ഗുഹാമാര്‍ഗമുണ്ട്. തടവുപുള്ളികളെ കൊണ്ടുവന്നിരുന്നത് അതുവഴിയാണ്. ഭഗത് സിങ്ങിനെയും കൂട്ടരേയും തൂക്കാന്‍ വിധിച്ച മിന്റോകോര്‍ട്ട് കുന്നിന്റെ പള്ളയിലാണ്. ഇന്നത് പട്ടാളക്കാരുടെ ആഫീസായി ഉപയോഗിക്കുന്നു. ആ കോര്‍ട്ടിലേക്ക് തടവുപുള്ളികളെ വിചാരണയ്ക്കു കൊണ്ടുപോകുന്നതിനും ഗുഹാമാര്‍ഗമുണ്ട്. തടവുപുള്ളികള്‍ സിംലയുടെ സൗന്ദര്യം ഒരിക്കലും കണ്ടിട്ടുണ്ടാവില്ല. ഇന്ന് ഈ സൗന്ദര്യത്തില്‍ മുഴുകുമ്പോഴും സ്വാതന്ത്ര്യ സമരപ്പോരാളികളുടെ പീഡാനുഭവങ്ങളുടെ ഓര്‍മയില്‍ മനസ്സില്‍ ഒരു വിങ്ങല്‍ നിറയുന്നു.
സമത്വപൂര്‍ണമായ സമൂഹസൃഷ്ടിയിലേക്കു നയിക്കുന്ന മാര്‍ഗമായി നാരായണഗുരുവിന്റെ തത്ത്വചിന്ത, ദര്‍ശനം, രചനകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കണ്ടുകൊണ്ട് മൂന്നു ദിവസം നീണ്ടുനില്ക്കുന്ന സുവിശദമായ പഠനത്തിനു വേദിയായത് ഇവിടമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും വേര്‍തിരിവിലൂടെ മനുഷ്യമനസ്സുകളില്‍ അശാന്തിയുടെ തീക്കനല്‍ കോരിനിറച്ചത് ഈ വൈസ്രോയി മന്ദിരത്തില്‍ വെച്ചാണ്. ജവഹര്‍ലാല്‍ നെഹ്രുവും മുഹമ്മദാലി ജിന്നയും കരാറില്‍ ഒപ്പുവെച്ച ഹാളില്‍ ഇരുന്നാല്‍ കേള്‍ക്കാവുന്നത്ര അകലത്തില്‍ പൂള്‍ തീയേറ്ററില്‍ നിന്ന് മാനവരെല്ലാം ഒന്നെന്ന മന്ത്രം ഉയര്‍ന്നപ്പോള്‍ ചരിത്രത്തിലെ ഒരു തെറ്റുതിരുത്തലിനുള്ള ശംഖൊലി സുമനസ്സുകളുടെ മനസ്സില്‍ മുഴങ്ങിയിട്ടുണ്ടാവും.
2011ജൂണ്‍ 7, 8, 9 തീയതികളിലായാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഏഴാം തീയതി കാലത്ത് പത്തുമണിക്കു തന്നെ ഉദ്ഘാടന സമ്മേളനം തുടങ്ങി. കേരളത്തിനു പുറമെ മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള ഡെലിഗേറ്റുകള്‍ തലേദിവസവും അന്നു കാലത്തുമായി എത്തിച്ചേര്‍ന്നിരുന്നു.
ഉദ്ഘാടനസമ്മേളനത്തില്‍ IIAS ന്റെ ഡയറക്ടര്‍ പ്രൊ. പീറ്റര്‍ റൊണാള്‍ഡ് ഡിസൂസ സ്വാഗതം ആശംസിച്ചു. ഈ കോണ്‍ഫറന്‍സിന്റെ ഉദ്ദേശ്യത്തെപ്പറ്റി ആമുഖപ്രഭാഷണത്തില്‍ ഡോ.ജി.മോഹന്‍ ഗോപാല്‍ വിശദീകരണം നല്കി. തുടര്‍ന്ന് ഹിമവാന്റെ മഹിമാവിനെപ്പറ്റി പറഞ്ഞുകൊണ്ട് ഗുരു മുനി നാരായണപ്രസാദ് മുഖ്യപ്രഭാഷണം ആരംഭിച്ചു.
ഭാരതീയമായ അറിവിന്റെ ഉറവിടമായ ഹിമവാന്‍. ആ പാര്‍ശ്വങ്ങളിലാണ് വേദങ്ങളും ഉപനിഷത്തുക്കളും പിറന്നു വീണത്. ആ സംസ്കാരത്തിന്റെ ഇങ്ങേയറ്റത്തുള്ള കണ്ണിയാണ് നാരായണഗുരു. കേരളത്തിനു പുറത്ത് ഗുരുവിനെ ഒരു സാമൂഹികപരിഷ്കര്‍ത്താവെന്നോ , ഒരു പ്രത്യക സമുദായത്തിന്റെ വിമോചകന്‍ എന്ന നിലയിലോ മാത്രം അറിയുന്നു. കവിയായ ഗുരുവിനെ, വേദാന്തിയായ ഗുരുവിനെ ഏറെയാര്‍ക്കും പരിചയമില്ല. ഗുരു നല്കിയത് മുക്തിയാണ്. സാമൂഹികമായ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും പറയുന്നു. വൈയക്തികമായ സ്വാതന്ത്ര്യമാണ് ഗുരു നല്കിയത്. മലയാളത്തിലും സംസ്കൃതത്തിലും തമിഴിലുമായി അറുപത്തിരണ്ടോളം കൃതികള്‍. ആത്മോപദേശശതകവും ദര്‍ശനമാലയും അറിവും വേദാന്തസൂത്രവും അദ്വൈതദീപികയും ബ്രഹ്മവിദ്യാപഞ്ചകവും ദൈവദശകവും ഉള്‍പ്പെടുന്ന കൃതികള്‍.
പതിയേതെന്നറിയാതെന്‍-
പതിയേ നിന്നെത്തിരഞ്ഞു പലരുമിതാ
മതികെട്ടൊന്നിലുമില്ലാ-
തതിവാദം കൊണ്ടൊഴിഞ്ഞു പോകുന്നു.
എന്നു മനസ്സിലാക്കിയ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹനീയ മന്ത്രം പറഞ്ഞുതന്നു.
ആത്മോപദേശശതകം, ദര്‍ശനമാല, അദ്വൈതദീപിക, ദൈവദശകം, അറിവ് തുടങ്ങിയ കൃതികളിലൂടെ ഗുരു വെളിപ്പെടുത്തിത്തന്ന ദര്‍ശനം സമഗ്രമായി അവതരിപ്പിച്ചു.
ജാതിയും മതവും ഒരുകാലത്ത് കേരളസമൂഹത്തെ ഏറ്റവുമധികം ബാധിച്ച പ്രശ്നങ്ങളായിരുന്നു. ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രശ്നം സാമ്പത്തികാസമത്വത്തിന്റേതാണ്. പുതുതലമുറ പണസമ്പാദനത്തിനുള്ള യന്ത്രമായി മാറുകയാണ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെ മാനവശേഷി വികസന വകുപ്പ് എന്നു പുനര്‍ നാമകരണം ചെയ്തപ്പോള്‍ ഭരണാധികാരികളും അതിനു കൂട്ടുനില്ക്കുകയാണ്. പുതുതലമുറ പ്രൊഫഷണല്‍ ജോലിക്കു മാത്രമായി വിദ്യാഭ്യാസം ചെയ്യുന്നു.
മനുഷ്യന്റെ ഉള്ളിലെ നന്മ വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസത്തിനാണ് ഒന്നാം സ്ഥാനം നല്കേണ്ടത്. ഇന്ന് ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍പ്പോലും ജാതിഭ്രമം മുന്നിട്ടു നില്ക്കുന്നു. ഗുരുവിന്റെ 'ജാതിചിന്തനം' ഹിന്ദിയിലേക്ക് മൊഴിമാറ്റി ഇന്ത്യയിലെല്ലായിടത്തും പഠിപ്പിച്ചാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരും. 1924-ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ വെച്ചു നടന്ന മതമഹാസമ്മേളനത്തില്‍ ഗുരു നടത്തിയ ആഹ്വാനം - എല്ലാവരും എല്ലാ മതവും പഠിക്കണം എന്നത് ഇന്ത്യാ ഗവണ്മെന്റ് നടപ്പില്‍ വരുത്തണം. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തോടൊപ്പം തത്ത്വശാസ്ത്രം ഒരു നിര്‍ബന്ധ വിഷയമായി പഠിപ്പിക്കണം. ഒരു മതത്തിന്റേതുമല്ലാത്ത ഫിലോസഫിയാണ് പഠിപ്പിക്കേണ്ടത്. ബിരുദതലം വരെ ഫിലോസഫി ഒരു നിര്‍ബന്ധ വിഷയമായി പഠിപ്പിക്കണം.
THE PHILOSOPHY OF NARAYANA GURU എന്ന വിഷയത്തെ അധികരിച്ചു നടന്ന
ആദ്യസെഷനില്‍ അദ്ധ്യക്ഷന്‍ ഗുരു മുനി നാരായണപ്രസാദ് ആയിരുന്നു. ആദ്യ പ്രബന്ധം സ്വാമി തന്മയ അവതരിപ്പിച്ചു. Methodological Innovations of Narayana Guru in Metaphysical Inquiry എന്നതായിരുന്നു പ്രബന്ധവിഷയം. സത്, ചിത്, ആനന്ദം എന്നത് ആനുഭൂതികമായി അവതരിപ്പിക്കാന്‍ പ്രബന്ധകാരന് സാധിച്ചു. ദര്‍ശനമാലയുടെ സംരചനാരഹസ്യം വെളിവാക്കിത്തരുവാനും കഴിഞ്ഞു. തുടര്‍ന്ന് Epistemology of Sree Narayana Guru എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച ഡോ.എസ്.ഓമന ആത്മോപദേശശതകം, ദര്‍ശനമാല, അറിവ് എന്നീ കൃതികളുടെ അന്തര്‍രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ ശ്രമിച്ചു.
The Legacy of Narayana Guru and the Question of Discipleship എന്ന വിഷയത്തില്‍ ഈ സെഷനിലെ മൂന്നാമത്തെ പ്രബന്ധം റവ.ഫാ.ജോര്‍ജ്ജ് തടത്തില്‍ അവതരിപ്പിച്ചു. ബുദ്ധന്റെയും മറ്റു ലോക ഗുരുക്കന്മാരുടെയും പൈതൃകം തന്നെയാണ് നാരായണഗുരുവിനും ഉള്ളതെന്ന് പ്രബന്ധകാരന്‍ അഭിപ്രായപ്പെട്ടു. ഓരോ പ്രബന്ധാവതരണത്തിനു ശേഷവും കൃത്യമായ ചര്‍ച്ച നടന്നു. content – context തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ഉയര്‍ന്ന സംശയത്തിന് ഗുരു മറുപടി നല്കി.
ആതിഥേയരായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയുടെ പ്രവര്‍ത്തകര്‍ ആഹാരകാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടായിരുന്നു. മൂന്നു ദിവസങ്ങളിലും വിളമ്പിയ വിഭവങ്ങള്‍ ഉത്തരേന്ത്യനായിരുന്നെങ്കിലും മലയാളിയുടെ നാവിലും രുചി നിറയ്ക്കുന്നതായിരുന്നു.
ഉച്ചയ്ക്കു ശേഷം സതീഷ് ചന്ദ്ര ബോസ് പ്രബന്ധം അവതരിപ്പിച്ചു. വിഷയം Gnosis and Ethics: Narayana Guru's Critique of the Absolute Otherness. ആത്മോപദേശശതകത്തെ മുഖ്യ അവലംബമാക്കിക്കൊണ്ടാണ് പ്രബന്ധകാരന്‍ സംസാരിച്ചത്. Contributions of Narayana Guru to Ethics And Aesthetics എന്ന വിഷയത്തില്‍ വിനയചൈതന്യ നടത്തിയ പ്രഭാഷണം സ്വാനുഭവങ്ങളുടെ ഊഷ്മള ശോഭയാല്‍ ഏറെ ആസ്വാദ്യകരമായിരുന്നു. വിശദാന്തരംഗം, ശ്രുതി മുതലാം തുരഗം തുടങ്ങിയ പ്രയോഗങ്ങളുടെ സൗന്ദര്യം എടുത്തു കാണിച്ചു. അരുള്‍, അന്‍പ്, അനുകമ്പ എന്നിവയുടെ ആവിഷ്കാരത്തിലൂടെ ഗുരുവിന്റെ ധാര്‍മിക ചിന്ത ഇതള്‍വിടര്‍ത്തി അവതരിപ്പിച്ചു. ആത്മസുഖത്തെയാണ് ഏറ്റവും ഉദാത്തമായ മൂല്യമായി ഗുരു കാണുന്നത്. ദര്‍ശനമാല ഗുരുവിന്റെ സൗന്ദര്യാത്മക ചിന്തയുടെ സഞ്ചയികയാണ്.
തുടര്‍ന്ന് Passion and Compassion of Narayana Guru എന്ന വിഷയത്തില്‍ Nancy Yielding തയ്യാറാക്കി അയച്ചുതന്ന പ്രബന്ധം മുരളി മോഹന്‍ലാല്‍ അവതരിപ്പിച്ചു. ഗുരുവിന്റെ ദര്‍ശനത്തെ ആഴത്തില്‍ മനസ്സിലാക്കിയ ഒരു തപസ്വിനിയുടെ വാക്കുകളാണ് ഈ പ്രബന്ധത്തിലൂടെ ശ്രവിക്കുവാന്‍ കഴിഞ്ഞത്. വൈകാരികവും അനുകമ്പാര്‍ദ്രവുമായ വശങ്ങള്‍ എടുത്തുകാണിച്ചു.
ആദ്യദിവസത്തെ പരിപാടികള്‍ അവസാനിച്ചപ്പോള്‍ സമയം വൈകുന്നേരം 5.40. സിംലയില്‍ നേരമിരുളാന്‍ ഇനിയും ഏറെ സമയമുണ്ട്. ഏഴേമുക്കാല്‍ മണി വരെ നല്ല പ്രകാശമുണ്ടാകും എന്ന കാര്യം തലേ ദിവസം എത്തിച്ചേര്‍ന്നവര്‍ക്ക് അറിയാമായിരുന്നു. ദേവദാരു മരങ്ങള്‍ തണല്‍ വിരിച്ചു നില്ക്കുന്ന വഴികളിലൂടെയുള്ള യാത്ര എത്ര ആനന്ദപ്രദമാണ്. ടൂറിസ്റ്റു കേന്ദ്രമാകയാലും ഹിമാചല്‍പ്രദേശിന്റെ ഭരണസിരാകേന്ദ്രമെന്ന നിലയിലും സിംല നഗരം എപ്പോഴും തിരക്കേറിയതാണ്. വളഞ്ഞു പുളഞ്ഞു പോകുന്ന വഴികള്‍ ധാരാളമുണ്ട്. അതുപോലെ ധാരാളം കെട്ടിടങ്ങളും. മരങ്ങള്‍ പരമാവധി മുറിക്കാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. മണ്ണൊലിപ്പു തടയുക എന്ന ലക്ഷ്യം വെച്ച് ഒരു ചെറിയ സസ്യം പോലും നശിപ്പിക്കാന്‍ സമ്മതിക്കുകയില്ല. ജൂണ്‍ മാസമായതിനാല്‍ തണുപ്പു വളരെ കുറവുണ്ട്. പക്ഷേ മഴ വരുന്നത് ഓര്‍ക്കാപ്പുറത്താണ്. പെട്ടെന്ന് തണുപ്പു കൂടും.
എട്ടാം തീയതി രാവിലെ പത്തുമണിക്കു മുമ്പുതന്നെ എല്ലാവരും പൂള്‍ തീയേറ്ററില്‍ ഒത്തുകൂടി. ഈ തീയേറ്ററിന്റെ ഉള്‍ഭാഗം ദേവദാരു തടികള്‍ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നതും ദേവദാരു കൊണ്ടാണ്. അതിനാല്‍ വിശുദ്ധമായ ഒരു സുഗന്ധം എപ്പോഴും മുറിയില്‍ നിറഞ്ഞു നില്ക്കും.
രണ്ടാമത്തെ സെഷന്റെ വിഷയം NARAYANA GURU'S CONCEPT OF ONE FAITH AND HIS ATTITUDE TOWARDS CASTEISM: IMPACT ON KERALA SOCIETY. ഈ സെഷനില്‍ ആകെ മൂന്നു പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.
Concept of 'One Faith' of Narayana Guru- ആത്മോപദേശശതകം 43 മുതല്‍ 49വരെയുള്ള ശ്ലോകങ്ങളെ അടിസ്ഥാനമാക്കി സമഗ്രമായ ഒരു പ്രബന്ധം ഡോ.ബി.സുഗീത അവതരിപ്പിച്ചു. റവ.ഫാ.ജോര്‍ജ്ജ് തടത്തില്‍, സ്വാമി തന്മയ, വിനയചൈതന്യ, ഡോ.സത്യബായി ശിവദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. Casteism as Redefined by Guru എന്ന വിഷയത്തില്‍ ഡോ.സത്യബായി ശിവദാസ് ജാതിവ്യവസ്ഥ എന്നാല്‍ എന്താണെന്ന് വളരെ വിശദമായി സംസാരിച്ചു. വംശപാരമ്പര്യം, സ്വവംശത്തില്‍ നിന്നു മാത്രമുള്ള വിവാഹം, സാമൂഹികമായ നിയന്ത്രണങ്ങള്‍ എന്നിവ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര വിഭാഗങ്ങളുള്‍ക്കൊള്ളുന്ന വര്‍ണവ്യവസ്ഥയെ ദുഷിപ്പിച്ചു. ഇതിനെതിരെ ഉയര്‍ന്നു വന്ന ബുദ്ധ ജൈന മതങ്ങള്‍, ഇസ്ലാം ക്രിസ്ത്യന്‍ മതങ്ങളിലേക്കുള്ള പരിവര്‍ത്തനം എല്ലാം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഗുരു ജാതിയെ നിര്‍വചിച്ചത് ശാസ്ത്രീയമായ അടിത്തറയില്‍ നിന്നുകൊണ്ടാണ്. ജാതിലക്ഷണം, ജാതിനിര്‍ണയം എന്നീ കൃതികള്‍ അതിനു തെളിവാണ്. ജാതി എന്നതു കൊണ്ട് ഗുരു അര്‍ത്ഥമാക്കുന്നതെന്താണെന്ന് ഗുരു മുനി നാരായണപ്രസാദ് വിശദീകരിച്ചു.
Annihilation of Caste as the Key Determinant in the Struggle for Justice in India എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച ഡോ.ജി.മോഹന്‍ ഗോപാല്‍ നാരായണഗുരുവിനെ ഇരുപതാം നൂറ്റാണ്ടിലെ ബുദ്ധന്‍ അല്ലെങ്കില്‍ ക്രിസ്തു എന്നു വിശേഷിപ്പിച്ചു. ഗുരുവിന്റെ പ്രവൃത്തിയില്‍ മൂന്നു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് മതപരമായ കടും പിടിത്തത്തിനെതിരേയുള്ള ആക്രമണം, രണ്ട് സാമൂഹിക നവീകരണ പ്രവര്‍ത്തനങ്ങള്‍, തത്ത്വചിന്താപരമായ നവമൂല്യവത്കരണം. ബ്രഹ്മത്തിനു പകരം അറിവും വേദത്തിനു പകരം വിദ്യയും കൊണ്ടു വന്നു. ബുദ്ധമതത്തില്‍ നിന്നും വേദാന്തത്തില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാംമതത്തില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ചു.
APPLICATION OF NARAYANA GURU'S PHILOSOPHY IN POLITICS AND ECONOMICS എന്നതായിരുന്നു മൂന്നാമത്തെ സെഷന്റെ വിഷയം. നാലു പ്രബന്ധങ്ങള്‍ ഈ വിഷയത്തെ അധികരിച്ച് അവതരിപ്പിച്ചു. IIAS ഡയറക്ടര്‍ പ്രൊ.പീറ്റര്‍ റൊണാള്‍ഡ് ഡിസൂസ അദ്ധ്യക്ഷനായി.
Role of Economics in Human Life എന്ന വിഷയത്തില്‍ ഡോ.ബി.വനിത ആദ്യ പ്രബന്ധം അവതരിപ്പിച്ചു. പവര്‍ പോയിന്റ് പ്രസന്റേഷനുള്ള സൗകര്യം മിക്കവാറും എല്ലാ പ്രബന്ധകാരന്മാരും പ്രയോജനപ്പെടുത്തിയിരുന്നു. അതിന്റെ സാധ്യത വളരെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഡോ.വനിത പ്രബന്ധം അവതരിപ്പിച്ചത്. നടരാജഗുരുവിന്റെ സാമ്പത്തിക ദര്‍ശനം സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് സംസാരിക്കുവാന്‍ പ്രബന്ധകാരി ശ്രമിച്ചു.
Economics as derived from the Philosophy of Narayana Guru എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച ആര്‍.സുഭാഷ് നടരാജ ഗുരുവിന്റെ സാമ്പത്തിക ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ നിന്നു കൊണ്ട് നാരായണ ഗുരുവിന്റെ ദര്‍ശനത്തെ ശരിയായി വിലയിരുത്തി സംസാരിച്ചു. ഒരു വൃക്ഷത്തിന്റെ പാരിസ്ഥിതിക മൂല്യവും മാര്‍ക്കറ്റ് മൂല്യവും താരതമ്യം ചെയ്തുകൊണ്ട് സാമ്പത്തിക ശാസ്ത്രം ആര്‍ക്കുവേണ്ടിയായിരിക്കണം എന്ന് വിശദീകരിച്ചു. തുടര്‍ന്ന് ഒരു മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചു. ഗുരുകുലത്തില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള പ്രധാന പുസ്തകങ്ങളുടെയെല്ലാം ഓരോ കോപ്പി വീതം IIAS ന് ഗുരു മുനി നാരായണപ്രസാദ് സംഭാവന നല്കി. ഗുരുവിന്റെ കയ്യില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങിയ IIAS ഡയറക്ടര്‍ പ്രൊ.പീറ്റര്‍ റൊണാള്‍ഡ് ഡിസൂസ നന്ദി രേഖപ്പെടുത്തി.വൈസ്രോയി മന്ദിരത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ലൈബ്രറിയില്‍ ഒരു ലക്ഷത്തി അറുപതിനായിരം പുസ്തകങ്ങളുണ്ട്.
Role of Politics എന്ന വിഷയത്തില്‍ എസ്.രാധാകൃഷ്ണന്‍ അവതരിപ്പിച്ച പ്രബന്ധം ഉള്ളടക്കത്തിന്റെ സമഗ്രത കൊണ്ട് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. Politics as Derived from the Philosophy of Narayana Guru എന്ന വിഷയത്തില്‍ ഡോ.പ്രഭാവതി പ്രസന്നകുമാര്‍ ഗുരുദര്‍ശനത്തിന്റെ സമഗ്രതയില്‍ ഉറച്ചു നിന്നു കൊണ്ട് പ്രബന്ധം അവതരിപ്പിച്ചു.
APPLICATION OF NARAYANA GURU'S PHILOSOPHY IN THE REALM OF EDUCATION എന്നതായിരുന്നു നാലാം സെഷന്റെ വിഷയം.റവ.ഫാ.ജോര്‍ജ്ജ് തടത്തില്‍ അദ്ധ്യക്ഷനായി. ഈ സെഷനിലെ അഞ്ചു പ്രബന്ധങ്ങളില്‍ ഒന്നു മാത്രമാണ് രണ്ടാം ദിവസം അവതരിപ്പിച്ചത്. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദയാണ് പ്രബന്ധം അവതരിപ്പിച്ചത്. The Guru as an Educational Expert എന്നതായിരുന്നു വിഷയം. വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുവചനം ഏവര്‍ക്കും പരിചിതമാണല്ലോ. 'നാരായണസ്മൃതി'യില്‍ നിന്നും വെളിപ്പെട്ടു വരുന്ന അനുശാസനങ്ങള്‍ ജീവിതത്തില്‍ പരിപാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ സമയം ആറുമണിയായി. സിംലയുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ ഒന്നര മണിക്കൂര്‍ പകല്‍ കൂടി ബാക്കിയുണ്ട്. ചിലരൊക്കെ വൈസ്രോയി മന്ദിരം കാണുവാന്‍ പോയി. ചിലര്‍ ഷോപ്പിംഗിനും. ടൂറിസ്റ്റു കേന്ദ്രമായതിനാല്‍ സാധനവില പൊള്ളിക്കുന്നതാണ്. ഹിമവാന്റെ മടിത്തട്ടില്‍ ഒരു ദിനം കൂടി അവശേഷിക്കുന്നു.
ഒന്‍പതാം തീയതി (മൂന്നാം ദിവസം) നാലാം സെഷന്റെ ഭാഗമായ നാലു പ്രബന്ധങ്ങള്‍ കൂടി അവതരിപ്പിച്ചു. The Goal of Education- Creating a Loyal Citizen or a Real Human being എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച സ്വാമി രാമതീര്‍ത്ഥ മനുഷ്യത്വം, സമാധാനം എന്നിവയില്‍ ഊന്നി നിന്നുകൊണ്ട് സംസാരിച്ചു. മനുഷ്യന്റെ അകവും പുറവുമായി രണ്ടു ലോകമുണ്ട്. വാസ്തവത്തില്‍ രണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.
Education, Root & Fruit: Educational Psychology in the Light of Narayana Guru എന്ന വിഷയത്തില്‍ പ്രബന്ധം ഡോ.പീറ്റര്‍ ഓപ്പന്‍ ഹീമര്‍ തയ്യാറാക്കി അയച്ചു തന്നത് സി.ദിവാകരന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സ്വാമി ത്യാഗീശ്വരന്‍ മഹാഗുരു എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ചൊല്ലി. ഗുരുദര്‍ശനത്തെ വളരെ സൂക്ഷ്മതയോടെ ഉള്‍ക്കൊണ്ട് ആനുഭൂതികമായി അവതരിപ്പിച്ചിരിക്കുന്ന കവിത ഏറെ ശ്രദ്ധേയമായി.
സ്വാമി വ്യാസപ്രസാദ് Guru's Philosophy as Real Education എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ഡോ.പി.കെ.സാബു Cultural Degradation Caused by Modern Educational Trends and Remedial Measures എന്ന വിഷയത്തില്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ സഹായത്തോടെ പ്രബന്ധം അവതരിപ്പിച്ചു. അക്കാദമികമായി ഉന്നതനിലവാരമുള്ള ഒരു ക്ലാസ്സിന്റെ അന്തരീക്ഷം ഒരുക്കുന്നതില്‍ പ്രബന്ധകാരന്‍ ശ്രദ്ധിച്ചു. ആധുനിക സമൂഹം നേരിടുന്ന മുഖ്യ പ്രശ്നങ്ങളെ വളരെ വിശദമായി അവതരിപ്പിക്കുവാനും പരിഹാരമാര്‍ഗങ്ങള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടനല്കാത്ത വിധം വെളിപ്പെടുത്തുവാനും പ്രബന്ധകാരനു കഴിഞ്ഞു. നാരായണഗുരുവിന്റെ ദര്‍ശനത്തിനുള്ള വര്‍ത്തമാനകാല പ്രസക്തി ശരിയായി ചൂണ്ടിക്കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.
മൂന്നാം ദിവസം ഒരു മണിക്ക് സമാപന സമ്മേളനം തുടങ്ങി. ഡോ.ജി.മോഹന്‍ ഗോപാല്‍ അദ്ധ്യക്ഷനായി. ആദ്യം സംസാരിച്ചത് ഗുരുവാണ്. മനുഷ്യനു മാത്രമാണ് പ്രശ്നങ്ങളുള്ളത്. ഇതരജീവികള്‍ക്കൊന്നും അങ്ങനെയൊരു ദുഃഖമില്ല. എന്താണിതിന്റെ കാരണം? അവനവനെപ്പറ്റിയും ഈ പ്രപഞ്ചത്തെപ്പറ്റിയും ഉള്ള ശരിയായ അറിവില്ലായ്മയാണ് എല്ലാ പ്രശ്നങ്ങള്‍ക്കു കാരണം. ഗുരുവിന്റെ ദര്‍ശനം ശരിയായി മനസ്സിലാക്കണം. വിദ്യാഭ്യാസം, സാമ്പത്തികം, പാരിസ്ഥിതികം, ആരോഗ്യം, നീതിന്യായം, വ്യാവസായികം, കാര്‍ഷികം തുടങ്ങിയുള്ള നിരവധി മേഖലകളില്‍ ശരിയായ പഠനം ഉണ്ടാകണം. ചില നിര്‍ദ്ദേശങ്ങളും ഗുരു മുന്നോട്ടു വെച്ചു. നാരായണഗുരുവിന്റെ ജാതിചിന്തനം ഹിന്ദിയില്‍ തര്‍ജ്ജിമ ചെയ്ത് ഹിന്ദി പാഠപുസ്തകത്തിന്റെ ഭാഗമായി ഇന്ത്യയിലെല്ലായിടത്തും പഠിപ്പിക്കണം. ബിരിദതലം വരെ തത്ത്വശാസ്ത്രം ഒരു നിര്‍ബന്ധ വിഷയമാക്കണം. മാനവികത വളര്‍ത്തുന്ന വിദ്യഭ്യാസത്തിന് ഒന്നാം സ്ഥാനം നല്കണം. ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നാം ദിവസം തന്നെ ഗുരു മുമ്പോട്ടു വെച്ചതാണ്.
ഡെലിഗേറ്റുകളുടെ പ്രതിനിധിയായി ടി.എസ്.സിദ്ധാര്‍ത്ഥന്‍ സംഘാടകര്‍ക്കും പ്രബന്ധാവതാരകര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് ഭാവിപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ഡോ.ജി.മോഹന്‍ ഗോപാല്‍ ഗുരുവിന്റെ ദര്‍ശനം ശരിയായി പഠിപ്പിക്കുന്നതിനുള്ള ഒരു വിദ്യഭ്യാസസ്ഥാപനം ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു.
മൂന്നാം ദിവസത്തെ ആഹാരം ഏറ്റവും സ്വാദേറിയതായിരുന്നു. എവിടെ തിരിഞ്ഞാലും കാണുന്നത് നയനാനന്ദകരമായ കാഴ്ചകള്‍. നാസികയിലേക്കെത്തുന്ന വായുവില്‍ എപ്പോഴും സുഗന്ധമില്ലെങ്കിലും ഏറ്റവും പരിശുദ്ധമായത്. നഗരത്തിന്റെ ഇരമ്പലുണ്ടെങ്കിലും പ്രകൃതിയുടെ സംഗീതമാണ് ഏതു സമയവും ഉയര്‍ന്നു കേള്‍ക്കുന്നത്. ത്വക്കിനെ ആര്‍ദ്രമാക്കുന്ന കുളിര്‍മ നിറഞ്ഞ അന്തരീക്ഷം. കൂട്ടത്തില്‍ രുചികരമായ ആഹാരവും. എത്തിയിരിക്കുന്നത് ഒരു സ്വര്‍ഗത്തില്‍ തന്നെ. ഈ ഭൂവിലിരുന്നുകൊണ്ട് ഗുരുദര്‍ശനം മനസ്സില്‍ നിറയ്ക്കുവാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ.

2011 നവംബർ 11, വെള്ളിയാഴ്‌ച

കനകമല

കനകമല
രജികുമാര്‍.റ്റി.ആര്‍
സൂര്യോദയം - ആവര്‍ത്തന വിരസതയില്ലാതെ എന്നും ആസ്വദിക്കാവുന്ന വിഭ്രാമക സൗന്ദര്യമാണ്. എന്നും സൂര്യോദയമുണ്ട്. കാലവും ദേശവും മാറുമ്പോള്‍ ആ പ്രപഞ്ച സൗന്ദര്യം വ്യത്യസ്തവിതാനങ്ങളില്‍ അവതരിക്കുന്നു. വ്യത്യസ്തരീതികളില്‍ ആവിഷ്കരിക്കുന്നു. കടലിലും കരയിലും വ്യത്യസ്തമാനങ്ങള്‍ രചിക്കുന്നു. എല്ലാം ഒരേയൊരു സൂര്യന്‍. എന്നാല്‍ ഒന്നു മറ്റൊന്നില്‍ നിന്നു വേറിട്ടത്. കനകമലയിലെ സൂര്യോദയം വിവരിക്കാന്‍ വാക്കുകളില്ല. അനുഭവിയാതറിവീല എന്നു പറയാം. പ്രഭാതത്തില്‍ അതൊരു കനകമല തന്നെ. കതിരവന്റെ കനകക്കതിരില്‍ പൊതിഞ്ഞു നില്ക്കുന്ന സമയം. കുന്നിന്റെ മുകളില്‍ തന്നെ നില്ക്കണം. കണ്ണുകള്‍ക്ക് എത്തിച്ചേരാവുന്ന ദൂരത്തിന് പരിധിയില്ല. അങ്ങങ്ങു ദൂരെ നിന്ന് സൂര്യഭഗവാന്‍ ഉയര്‍ന്നു വരുന്ന കാഴ്ച മുതല്‍ കണ്ടു തുടങ്ങണം. മഞ്ഞിന്‍ കൂട്ടങ്ങളുടെ ഒളിച്ചുകളി കാണാന്‍ വലിയ രസമാണ്. പിന്നെ ഞാനും നീയും ഒന്നെന്ന മട്ടില്‍ അവ ഒന്നായി ലയിച്ചു ചേരുന്നു. പതുക്കെ പതുക്കെ പകലിന്റെ വരവായി. കനകശോഭയില്‍ വെണ്മയുടെ ആവരണം വന്നു മൂടുന്നു. പിന്നെയും നിറം കൂട്ടുന്നതിന് സന്ധ്യ വരെ കാത്തിരിക്കണം.
പകലെല്ലാം മറഞ്ഞിരുന്ന കടലിനെ അസ്തമയ സൂര്യന്‍ വെളിവാക്കിത്തരും. ചെന്നിറമാര്‍ന്ന സൂര്യന്‍. രാവിലെ കണ്ടതുപോലെ നീണ്ടുവരുന്ന രശ്മികളില്ല. തൊട്ടുതാഴെ പൊന്‍പ്രഭയോടെ മിന്നുന്ന കടലിന്റെ കുഞ്ഞോളങ്ങള്‍. അവര്‍ കിന്നാരം പറയുന്നതിനിടയ്ക്ക് നമ്മളെ ശ്രദ്ധിക്കുന്നതു കൂടിയില്ല. സുഖനിദ്രയ്ക്ക് കൂട്ടിന് ആളെ കിട്ടിയതിന്റെ അഹങ്കാരമാവും.
തലശ്ശേരിയിലെ കനകമല ഗുരുകുലത്തില്‍ ഒരിക്കല്‍ പോയവര്‍ വീണ്ടും പോകും. മനസ്സിന്റെ വലിയൊരിഷ്ടം അവിടെ ഉറച്ചുപോകും. കഴിഞ്ഞ ഒക്ടോബര്‍ ആറു മുതല്‍ ഒന്‍പതുവരെ അവിടെ ഗുരുകുല കണ്‍വന്‍ഷനില്‍ പങ്കെടുത്തിട്ടു മടങ്ങിപ്പോരികയായിരുന്നില്ല, കുടുംബസ്നേഹത്തിന്റയും ഔദ്യോഗിക വൃത്തിയുടെയും അദൃശ്യനൂലുകള്‍ വലിച്ചെടുത്തു കൊണ്ടു പോവുകയായിരുന്നു.
ആദ്യദിനം വിദ്യാരംഭം. നൂറുകണക്കിനു കുട്ടികള്‍ അന്നവിടെയെത്തി. ഗുരുവില്‍ നിന്നും അറിവിന്റെ ആദ്യപാഠങ്ങള്‍ ഏറ്റുവാങ്ങി സുകൃതജന്മികളായി ആ കുരുന്നുകള്‍ മലയിറങ്ങിക്കഴിഞ്ഞതിനു ശേഷമാണ് എത്താന്‍ കഴിഞ്ഞത്. അടുത്ത രണ്ടുദിവസങ്ങളില്‍ കനകമലയിലെ പ്രഭാത സായന്തനങ്ങള്‍ മനസ്സില്‍ വാരി നിറച്ചു. പകല്‍ ജ്ഞാനത്തിന്റെ കനകതീര്‍ത്ഥവും. മനസ്സിന്റെ ഉള്ളറകളിലേക്ക് വ്യത്യസ്ത മാര്‍ഗങ്ങള്‍ തുറന്നു തരുന്ന പ്രബന്ധങ്ങളാണ് അവിടെ അവതരിപ്പിച്ചത്.
ഏഴാം തീയതി കാലത്ത് ഗുരുവിന്റെ പ്രവചനം. ഇന്ദ്രിയവൈരാഗ്യം ആയിരുന്നു വിഷയം. ഗുരുശിഷ്യ പാരസ്പര്യത്തിന്റെ ഉദാത്തഭാവം നേരിട്ടറിഞ്ഞ നിമിഷങ്ങള്‍. ത്യാഗത്തിന് മുഖ്യസ്ഥാനമുള്ള ഗുരുകുല ജീവിതത്തെയാണ് ഗുരു ആദ്യം എടുത്തുകാട്ടിയത്. നമ്മില്‍ നമ്മളായിരിക്കുന്ന സത്യം കണ്ടെത്തി ജീവിക്കണം. ഇന്ദ്രിയ വിഷയങ്ങള്‍ക്കു പിന്നാലെ പോകുമ്പോഴാണ് ഇതു സാധ്യമാകാതെ വരുന്നത്. (കനകമലയിലെ പ്രഭാതസായന്തനങ്ങളില്‍ കണ്ണേ മടങ്ങുക എന്നു പറയണോ!) വേണ്ട, ഗുരു വീണ്ടും പറയുന്നു, ഇന്ദ്രിയ നിഗ്രഹം എന്നു പറഞ്ഞാല്‍ ഇന്ദ്രിയങ്ങളെ നിയമേന ഗ്രഹിക്കുക എന്നാണ് അര്‍ത്ഥം. വിശേഷേണ ശയിക്കുന്നതാണ് വിഷയം. ഇന്ദ്രയങ്ങള്‍ അതിന്റെ വിഷയങ്ങളില്‍ ഒട്ടിപ്പിടിക്കുന്നു. നിഗ്രഹം - നിയമേനയുള്ള ഗ്രഹിക്കല്‍ അവിടെയാണ് നടക്കേണ്ടത്.
മനസ്സ് വൈശേഷിക ദര്‍ശനത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച സ്വാമി തന്മയ വൈശേഷിക ദര്‍ശനത്തിന്റെ ഉത്പത്തി, വളര്‍ച്ച, ദര്‍ശനസാരം എന്നിവ വളരെ ലളിതമായി അവതരിപ്പിച്ചു. ഇവിടെ മനസ്സും ഒരു ദ്രവ്യമാണ്. അതിന് മാനങ്ങളില്ല. ഘടകങ്ങളില്ല. അതുണ്ടായിട്ടില്ല. നശിപ്പിക്കാനാവില്ല. നിത്യസത്യമാണത്. ആത്മാവ് മനസ്സുമായും മനസ്സ് പഞ്ചേന്ദ്രിയങ്ങളുമായും പഞ്ചേന്ദ്രിയങ്ങള്‍ ബാഹ്യവസ്തുക്കളുമായും ബന്ധപ്പെടുമ്പോഴാണ് ഇന്ദ്രയാനുഭവങ്ങളുണ്ടാകുന്നത്. പരമാണുവിനെപ്പറ്റി ആദ്യമായി പറഞ്ഞത് വൈശേഷിക ദര്‍ശനം അവതരിപ്പിച്ച കണാദമുനിയാണ്. അദ്ധ്യക്ഷ സ്ഥാനത്തിരുന്ന ബ്രഹ്മചാരി രാജന്‍ ഉചിതമായ വിശദീകരണങ്ങള്‍ നല്കി സെമിനാറിന് മാറ്റുകൂട്ടി.
മനസ്സിന് സാംഖ്യദര്‍ശനത്തിലുള്ള വിശദീകരണം അവതരിപ്പിച്ച ലീലാമണി പഠനം ഒരു തപസ്യയാക്കി മാറ്റിക്കൊണ്ട് ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന വ്യക്തിയാണ്. സാംഖ്യദര്‍ശനത്തിന്റെ ഒരു സംക്ഷിപ്തരൂപം അവതരിപ്പിച്ചതിനു ശേഷമാണ് വിഷയത്തിലേക്കു കടന്നത്. സാംഖ്യത്തില്‍ മനോവൃത്തികള്‍ മൂന്നു തരത്തിലാണ് - മനസ്സ്, ബുദ്ധി, അഹങ്കാരം. മനസ്സ് ബാഹ്യമായി തിരിയുമ്പോള്‍ സ്ഥൂല പ്രപഞ്ചമായും ഉള്ളിലേക്കു കടന്നാല്‍ ആത്മബോധമായും മാറുന്നു. പ്രകൃതി, പുരുഷ സങ്കല്പത്തെപ്പറ്റി വിശദമായ പഠനമാണ് ലീലാമണി നടത്തിയത്.
ശനിയാഴ്ച്ച രാവിലെയും ഗുരുവിന്റെ പ്രവചനത്തോടെ തുടങ്ങി. ജീവിതത്തിന് ലക്ഷ്യബോധമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഗുരു എടുത്തു പറഞ്ഞു. തുടര്‍ന്നു നടന്ന സെമിനാറില്‍ സാധു ഗോപിദാസ് അദ്ധ്യക്ഷനായി. മനസ്സ് ഭഗവദ്ഗീതയില്‍ എന്ന വിഷയത്തില്‍ രജികുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. അര്‍ജ്ജുനന്‍ എല്ലാമറിയുന്നവനാണ്. ദിവ്യായുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ത്ഥനാണ്. എങ്കിലും യുദ്ധക്കളത്തില്‍ തളര്‍ന്നു പോകുന്നു. അതിനു കാരണം മനസ്സിനെക്കുറിച്ചുള്ള വിദ്യ മറഞ്ഞിരുന്നതാണ്. മന്മനാ ഭവ - അതാണ് ഉപദേശത്തിന്റെ കാതല്‍. ഏകവും അക്ഷരവുമായ പരമാത്മ സത്യം തന്നെയാണ് ഞാന്‍. അങ്ങനെയുള്ള എന്റെ മനസ്സുള്ളവനായിത്തീരുക. ഞാനെന്നും നീയെന്നും ഉള്ള ഭേദചിന്തയാണ് അര്‍ജ്ജുനന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. അതെല്ലാം മാറി. മനസ്സിലുള്ള സകല പാപചിന്തകളും മൂടോടെ പിഴുതെറിഞ്ഞു കളഞ്ഞു. ഇപ്പോഴുള്ളത് വിശ്വാകാരമായി നിറഞ്ഞുനില്ക്കുന്ന ഞാന്‍ മാത്രം. എല്ലാ കര്‍മങ്ങളും നടക്കുന്നത് ഈ വിശ്വപ്രകൃതിയുടെ ഭാഗമായി മാത്രം. ഈ ദര്‍ശനം കിട്ടിക്കഴിഞ്ഞാല്‍ മനസ്സിന്റെ വൈക്ലബ്യം മാറിക്കഴിഞ്ഞു.
മനസ്സ് ജ്ഞാനവാസിഷ്ഠത്തില്‍ എപ്രകാരമാണ് ദര്‍ശനീയമായിത്തീരുന്നത് എന്നു വെളിപ്പെടുത്തുന്ന പ്രബന്ധമായിരുന്നു അടുത്തത്. അവതരിപ്പിച്ചത് ഡോ.ബി.സുഗീത. സപ്തഭൂമികായോഗത്തിന്റെ വിശദീകരണത്തോടെയാണ് പ്രബന്ധം ആരംഭിച്ചത്. ജ്ഞാനിയുടെ മനസ്സ് താനേ നശിച്ചൊഴിയുകയും അജ്ഞാനിയുടേത് ശൃംഖല പോലെ എപ്പോഴും ഉപദ്രവിച്ചു കൊണ്ടിരിക്കുകയും ചെയ്യും. സംസാര വാസനകള്‍ നശിച്ച ജ്ഞാനിയായ ഒരു പുണ്യപുരുഷന്റെ മനസ്സ് ആനന്ദരൂപമല്ല, അനന്ദമല്ലാത്തതുമല്ല. അനേകം മുളകളും കൊമ്പുകളും ഫലപല്ലവങ്ങളും നിറഞ്ഞ സംസാര വൃക്ഷത്തിന്റെ നാരായ വേരായിരിക്കുന്നത് മനസ്സാണ്. മനസ്സെന്നത് സങ്കല്പമല്ലാതെ മറ്റൊന്നുമല്ല.
ശനിയാഴ്ച്ച ഉച്ചയ്ക്കുശേഷം നടന്ന സെഷന്റെ വിഷയം ഗുരുത്വവും യുവത്വവും എന്നതായിരുന്നു. സ്വാമി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഉമൈബ ടീച്ചറും ജാവീദ് അന്‍വറും മുനീര്‍ അഴിയൂരും അഭിലാഷും ഒക്കെ സംസാരിക്കുമ്പോള്‍ സന്മതികളുടെയും സുമനസ്സുകളുടെയും ഒരു വിശാല ലോകം മനസ്സില്‍ നിറയുകയായിരുന്നു.
ഞായറാഴ്ച്ച രാവിലെ മടങ്ങേണ്ടി വന്നു. അന്നു നടന്ന സെമിനാറിലെ വിവരങ്ങള്‍ തന്മയ സ്വാമി കാരുണ്യപൂര്‍വം എഴുതി അയച്ചുതന്നു.
ഞായറാഴ്ച്ചയും കാലത്ത് മനസ്സിന്റെ വിവിധ മാനങ്ങള്‍ പഠനവിധേയമായി. മനസ്സ് പൂര്‍വമീമാംസയില്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച സുഭാഷ് പൂര്‍വമീമാംസ മാത്രമല്ല, തിരുക്കുറല്‍ കൂടി പഠനവിഷയമാക്കി. തുടര്‍ന്ന് ഡോ.പി.കെ.സാബു മനസ്സ് നാരായണഗുരു ദര്‍ശനത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. ആത്മോപദേശശതകം, ദര്‍ശനമാല എന്നിവയെ അവലംബമാക്കിക്കൊണ്ട് ഗുരുവിന്റെ ദര്‍ശനത്തെ ആഴത്തില്‍ മനനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന പ്രബന്ധമാണ് അദ്ദേഹം അവതരിപ്പിച്ചത്.
നിത്യസ്നേഹ സ്മരണകള്‍ ആണ് പിന്നീട് നടന്നത്. നിത്യചൈതന്യ ഗുരുവിന്റെ സ്നേഹവും കാരുണ്യവും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കെ.പി.ബാലകൃഷ്ണന്‍, കെപിഎ റഹീം മാസ്റ്റര്‍, കെ.ടി.സൂപ്പി മാസ്റ്റര്‍, പത്മാക്ഷന്‍ മാസ്റ്റര്‍, ഡോ.ഐഷ കരുണാകരന്‍, സത്യന്‍ മാസ്റ്റര്‍, അനിരുദ്ധന്‍ മാസ്റ്റര്‍, സംഗീതരത്നം സതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം നടന്ന സാഹിത്യ സായാഹ്നത്തില്‍ ഷാജി മാസ്റ്റര്‍ അദ്ധ്യക്ഷനായി. എന്‍.പ്രഭാകരന്‍, പി.എന്‍.ദാസ്, സമദ് എന്നിവര്‍ സംസാരിച്ചു.
കണ്‍വന്‍ഷനില്‍ ആദ്യവസാനം ഗുരുവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. രാവിലെയുള്ള പ്രവചനം ഗുരുവാണ് നല്കിയത്. വര്‍ക്കല ഗുരുകുലത്തില്‍ വിജയദശമി ദിനത്തില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നതിനായി നില്ക്കേണ്ടിവന്നതിനാല്‍ ഒരു ദിവസം വൈകിയാണ് ത്യാഗീശ്വര സ്വാമി കനകമലയിലെത്തിയത്. സ്വാമി തന്മയ, ബ്രഹ്മചാരി രാമകൃഷ്ണന്‍, ശാന്താനന്ദതീര്‍ത്ഥ സ്വാമി, വിദ്യാധിരാജ സ്വാമി, പാലക്കാഴി ഗുരുകുലത്തിലെ പൂജ്യസ്വാമിജി, സാധു ഗോപിദാസ്, ബ്രഹ്മചാരി രാജന്‍, ബ്രഹ്മചാരി കരുണാകരന്‍ ഉള്‍പ്പെടെയുള്ള സന്ന്യാസികളും ബ്രഹ്മചാരികളും വര്‍ക്കല ഗുരുകുലത്തില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളും നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ ഗുരുകുല ബന്ധുക്കളും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഈ പൂജഅവധിക്കാലം അവിസ്മരണീയമായ ഒരനുഭവമായിത്തീര്‍ന്നു.
ബ്രഹ്മചാരി ഗിരീഷിന്റെ മധുരവും സൗമ്യവും പ്രസന്നവുമായ പെരുമാറ്റവും അതിഥി പൂജയും ഏറ്റവും ഹൃദ്യമായി. പോയ് വരാം എന്ന യാത്രാമൊഴിയോടെ അവിടെ നിന്നും ഇറങ്ങി നടന്നു.

ഭാഗവദ്ഗീത

മനസ്സ് ഭഗവദ്ഗീതയില്‍
മന്മനാഭവ
രജികുമാര്‍.റ്റി.ആര്‍
ഭഗവദ്ഗീത ബ്രഹ്മവിദ്യയും യോഗശാസ്ത്രവുമാണ്. മാനസികമായ പ്രതിസന്ധിയില്‍ അകപ്പെട്ടു പോയവനെ അതില്‍ നിന്നു പുറത്തെത്തിക്കുവാനുള്ള ശ്രേഷ്ഠമായ ഉപദേശമാണ്. പാപപുണ്യ ചിന്തകളും സ്വര്‍ഗ നരക വിശ്വാസങ്ങളും സംബന്ധിച്ച കേട്ടറിവുകള്‍ നമ്മെ കര്‍മവിമുഖരാക്കും. മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. തളര്‍ന്നിരുന്നു പോകും. അപ്പോള്‍ മനസ്സിന്റെ വിശദമായ വിവരണവും വിശകലനവും നല്കണം. അതാണ് ഗീതയില്‍ നിന്നും പഠിക്കുവാന്‍ കഴിയുന്നത്. അര്‍ജ്ജുനന്‍ എല്ലാമറിയാവുന്നവനാണ്. ദിവ്യായുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ത്ഥനാണ്. എന്നാലും യുദ്ധക്കളത്തില്‍ തളര്‍ന്നു പോകുന്നു. അതിനു കാരണം മനസ്സിനെക്കുറിച്ചുള്ള വിദ്യ മറഞ്ഞിരുന്നതാണ്. മന്മനാഭവ- എന്റെ മനസ്സുള്ളവനായിത്തീരുക- ഇതാണ് ഉപദേശത്തിന്റെ കാതല്‍.
മനസ്സ് ആറാമത്തെ ഇന്ദ്രിയമാണെന്നും ഏറ്റവും ശ്രേഷ്ഠമായതാണെന്നും ഗീത പറയുന്നു. (മനഃ ഷഷ്ഠാനീന്ദ്രിയാണി) അങ്ങനെയുള്ള മനസ്സിന്റെ നിയന്ത്രണം സ്വന്തം വരുതിയിലാവണം. അതിന് ഉള്ളം തെളിയണം. അതിനുള്ള ഉപദേശമാണ് ഗീതയിലുടെ ശ്രവിക്കുന്നത്.
ഗുരുമുഖത്തു നിന്ന് ജ്ഞാനരഹസ്യം പുറപ്പെട്ടുതുടങ്ങുന്ന രണ്ടാമധ്യായം പതിനൊന്നാം ശ്ലോകം മുതല്‍ മനസ്സിനെക്കുറിച്ചുള്ള വിദ്യ വെളിവാക്കിക്കൊടുക്കുവാന്‍ ശ്രമിക്കുകയാണ്.
അശോച്യാനന്വശോചസ്ത്വം
പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച
നാനുശോചന്തി പണ്ഡിതാഃ
അര്‍ജ്ജുനന്റെ ദുഃഖത്തെപ്പറ്റിയാണ് പറയുന്നത്. പണ്ഡിതന്റെ വാക്കു പറയുകയും പണ്ഡിതോചിതമല്ലാതെ ദുഃഖിക്കുകയും ചെയ്യുന്നു.സ്വജനങ്ങളെ കൊല ചെയ്തിട്ട് രാജ്യം നേടുന്നത് പാപമാണെന്നാണ് അര്‍ജ്ജുനന്‍ കരുതുന്നത്. തന്റെ കുലത്തിലുള്ള അഭിമാനവും കുലനാശം മൂലം സ്ത്രീകള്‍ ദുഷിക്കുമെന്ന ചിന്തയും പിതൃക്കള്‍ക്ക് ശ്രാദ്ധം നല്കുവാനാളില്ലാതായി തീരുമെന്ന പതനവും അതുമൂലം നരകത്തില്‍ പോകേണ്ടി വരുമെന്ന വിശ്വാസവും ഒക്കെ ചേര്‍ന്ന് മനസ്സിന്റെ നിയന്ത്രണം നഷ്ടമായവന്റെ ദുഃഖമാണ് അര്‍ജ്ജുനനുള്ളത്. അറിവുണ്ടെങ്കിലും അത് ശരിയായ അറിവല്ല. അറിവിലും ഏറിയ അറിവ് അര്‍ജ്ജുനനില്ല. ആ അറിവ് അര്‍ജ്ജുനന് ഉപദേശിച്ചു കൊടുക്കുകയാണ് ഇവിടം മുതല്‍.
ഇവിടെ എന്നെ കൈവിടാതെ കാത്തുകൊള്ളണമെന്ന അര്‍ജ്ജുനന്റെ പ്രലപനമാണ് നാം കേള്‍ക്കുന്നത്. അവസാനമോ, ആഴമേറിയ മഹസ്സാമാഴിയില്‍ ആഴുന്നതിനും വാഴുന്നതിനുമുള്ള തെളിഞ്ഞ അറിവ് ലഭിക്കുന്നു. - മന്മനാ ഭവ - തത്ത്വപരമായി അറിഞ്ഞമരുന്നു. അങ്ങ് ഇരിക്കുന്ന ഒരു വലിയ മനസ്സും ഇങ്ങ് ഇരിക്കുന്ന ഒരു ചെറിയ മനസ്സും. ഒടുവില്‍ എല്ലാം ഒന്നായി തീരുന്ന ഒരു തിരിച്ചറിവ്.
ഇന്ദ്രിയ വ്യാപാരങ്ങളുടെ ലോകത്തെ നയിക്കുന്നത് മനസ്സാണ്. ശ്രവണം,ഘ്രാണം, ചക്ഷുസ്, ത്വക്ക്, രസന ഇങ്ങനെയുള്ള പഞ്ചേന്ദ്രിയങ്ങള്‍ അതാതിന്റെ വൃത്തിയില്‍ ഏര്‍പ്പെടണമെങ്കില്‍ മനസ്സ് അതിനെ നയിക്കണം. (ഇന്ദ്രിയാണാം മനശ്ചാസ്മി) ധര്‍മസമ്മൂഢചേതസ്സായിരിക്കുന്ന അര്‍ജ്ജുനന്റെ മനസ്സിന് ഇന്ദ്രിയവ്യാപാരങ്ങളുടെ ലോകത്തെ നയിച്ചുകൊണ്ടു പോകുവാന്‍ കഴിയുന്നില്ല. താനിരിക്കുന്ന തേരിന്റെ മാത്രമല്ല, മനസ്സിന്റെ ചരടുകൂടി ആദ്യം തന്നെ കൃഷ്ണനെ ഏല്പിക്കുകയാണ്.
യതതോ ഹ്യപി കൗന്തേയ
പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്തി പ്രസഭം മനഃ (II - 60)
ആത്മ സംയമനത്തിനു വേണ്ടി പ്രയത്നം ചെയ്യുന്ന വിവേകിയായ ആളിന്റെ മനസ്സിനെപ്പോലും ക്ഷോഭിപ്പിക്കുന്നവയാണ് ഇന്ദ്രിയങ്ങള്‍. അവ മനസ്സിനെ ബലാത്കാരമായി പിടിച്ചുവലിച്ചു കൊണ്ടുപോകാം. അതാണ് അര്‍ജ്ജുനനു സംഭവിച്ചിരിക്കുന്ന ദോഷം. ഇന്ദ്രിയങ്ങള്‍ മനസ്സിനെ ബലമായി പിടിച്ചു വലിച്ചു കൊണ്ടു പോകുന്നതിനെ വെള്ളത്തില്‍ കിടക്കുന്ന തോണിയെ കാറ്റ് വലിച്ചുകൊണ്ടു പോകുന്നതിനോടാണ് ഭഗവാന്‍ സാദൃശപ്പെടുത്തുന്നത്.
ഇന്ദ്രിയാണാം ഹി ചരതാം
യന്മനോfനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുര്‍നാവമിവാംഭസി (II – 67)
ജ്ഞാനേന്ദ്രിയങ്ങള്‍ പോലെ കര്‍മേന്ദ്രിയങ്ങളും അഞ്ചുണ്ട്. അവയുടെ നിയന്ത്രണവും അര്‍ജ്ജുനനു നഷ്ടമായിരിക്കുന്നു. ഗാണ്ഡീവം പിടിവിട്ട് വീണുപോയതും ശരീരം തളര്‍ന്നിരുന്നു പോയതും അതുകൊണ്ടാണ്.
കര്‍മേന്ദ്രിയങ്ങളെ ബലാത്കാരമായി പിടിച്ചു നിര്‍ത്തി വിരക്തന്മാരെ പോലെ കഴിയുന്ന ചിലരുണ്ട്. എന്നാല്‍ അവരുടെ മനസ്സ് ഇന്ദ്രിയസുഖങ്ങള്‍ക്കു പിന്നാലെ പാഞ്ഞുകൊണ്ടിരിക്കും. മിഥ്യാചാരന്‍ എന്നാണ് അവരെ വിളിക്കുക. (III – 6). അര്‍ജ്ജുനന്‍ ഏതായാലും അങ്ങനെയല്ല. ഒരു വിരക്തനല്ല. ധര്‍മസമ്മൂഢ ചേതസ്സായി നിഷ്ക്രിയനായതാണ്. പ്രകൃതി സഹജമെന്ന നിലയില്‍ കര്‍മം ചെയ്യുവാനാണ് ഭഗവാന്‍ ഉദ്ബോധിപ്പിക്കുന്നത്. ഈ കര്‍മം എന്റേത്, ഇതിന്റെ ഫലവുമെന്റേത് എന്നു കരുതിയതാണ് അര്‍ജ്ജുനനു സംഭവിച്ച കുഴപ്പം. അതുകൊണ്ടാണ് പാപപുണ്യ ചിന്തയൊക്കെ ഉണ്ടായത്. യജ്ഞം എന്ന നിലയില്‍ കര്‍മം ചെയ്യണം എന്നാണ് ഭഗവാന്‍ പറയുന്നത്.
പ്രകൃതേ ക്രിയമാണാനി
ഗുണൈഃ കര്‍മാണി സര്‍വശഃ
അഹങ്കാരവിമൂഢാത്മാ
കര്‍ത്താഹമിതി മന്യതേ. (III-27)
പ്രകൃതിയുടെ ഗുണങ്ങള്‍ മുഖാന്തിരം എല്ലാ തരത്തിലുമുള്ള കര്‍മങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ എന്ന ഭാവം കൊണ്ട് വിവേകം നശിച്ചവന്‍ , താനാണ് ഇതിന്റെ കര്‍ത്താവ് എന്നു വിചാരിക്കുന്നു.
ഓരോ വ്യക്തിയും അവനെ മാത്രം കേന്ദ്രമാക്കി ചിന്തിക്കുന്നു. സ്വന്തം ഇഷ്ടത്തിനു മാത്രം വില കല്പിക്കുന്നു. ഇഷ്ടമില്ലാത്തതിനെ വെറുക്കുന്നു. അതിനനുസരണമായി കര്‍മങ്ങളനുഷ്ഠിക്കുന്നു. കര്‍മം ചെയ്യാനുള്ള കഴിവും ഇഷ്ടാനിഷ്ടങ്ങളുമൊക്കെ പ്രകൃതി സഹജമായി കിട്ടിയിട്ടുള്ളതാണ് എന്ന് ആരും ചിന്തിക്കുന്നില്ല. ആകെയുള്ള പ്രകൃതിയുടെ ഉരുള്‍ച്ചയുടെ ഭാഗമായി സ്വന്തം ജീവിതത്തെയും അതിലെ കര്‍മങ്ങളെയും കാണണം. അപ്പോഴാണ് കര്‍മം കര്‍മയജ്ഞമായി തീരുന്നത്. മനസ്സുകൊണ്ടാണ് യജിക്കേണ്ടത്. അങ്ങനെയുള്ളവനാണ് ജിതേന്ദ്രിയന്‍. ഒമ്പതു വാതിലുകളുള്ള പട്ടണത്തില്‍ അവന്‍ വസിക്കുന്നത് ‌ഞാന്‍ ഒന്നും ചെയ്യുന്നില്ല, ഒന്നും ചെയ്യിക്കുന്നുമില്ല എന്ന ഭാവത്തിലാണ്.
സര്‍വകര്‍മാണി മനസാ
സന്ന്യസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹീ
നൈവ കുര്‍വന്‍ ന കാരയന്‍. (V-13)
ഈ അവസ്ഥയില്‍ കഴിയുക എന്നു പറഞ്ഞാല്‍ മനസ്സ് സാമ്യാവസ്ഥയില്‍ ഉറച്ചു നില്ക്കുന്നു എന്നാണര്‍ത്ഥം. അവന്‍ ഇഹലോകത്തില്‍ ജീവിക്കവേ തന്നെ ജനനമരണരൂപത്തിലുള്ള സര്‍ജനത്തെ ജയിക്കുന്നു. അവന്‍ സ്വന്തം സ്ഥിതിയെ ബ്രഹ്മത്തില്‍ തന്നെ കാണുന്നു.
ഇഹൈവ തൈര്‍ജ്ജിതഃ സര്‍ഗോ
യേഷാം സാമ്യേ സ്ഥിതം മനഃ
നിര്‍ദ്ദോഷം ഹി സമം ബ്രഹ്മ
തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ (V- 19)
ഇങ്ങനെ കാണുന്നതിന് മനസ്സിനെ ഉന്മുഖമാക്കി വെയ്ക്കണം. ഏകാഗ്രമാക്കണം. തടസ്സമായി നില്ക്കുന്ന ഇന്ദ്രിയങ്ങളെ - കിളികളെ- അഞ്ചുമരിഞ്ഞു കീഴ്മറിക്കണം. അപ്പോള്‍ യോഗാവസ്ഥയിലെത്തി.
നിയന്ത്രിതമായ മനസ്സ് എപ്പോഴാണോ ആത്മാവില്‍ തന്നെ, തന്നില്‍ തന്നെ ഉറച്ചുനില്ക്കുന്നത്, എപ്പോഴാണോ ഇച്ഛയെ കാമ്യവിഷയങ്ങളില്‍ നിന്നും - ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും നിവര്‍ത്തിപ്പിച്ചു കൊണ്ട് വര്‍ത്തിക്കുന്നത്, അങ്ങനെയുള്ളവനാണ് യോഗി.
യദാ വിനിയതം ചിത്ത-
മാത്മന്യേവാവതിഷ്ഠതേ
നിസ്പൃഹഃ സര്‍വകാമേഭ്യോ
യുക്ത ഇത്യുച്യതേ തദാ. (VI – 18)
ഇങ്ങനെ യോഗിയായിരിക്കുന്നതില്‍ നിന്നും നമ്മെ വ്യതിചലിപ്പിക്കുന്നത് ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങളായിരിക്കും. രണ്ടിനെയും തരണം ചെയ്യാന്‍ വേണ്ടത് ഉറപ്പുള്ള മനസ്സാണ്. മനസ്സിനെ സ്വാത്മ സത്തയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ യോഗിയായി.
യതോ യതോ നിശ്ചരതി
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമ്യൈത-
ദാത്മന്യേവ വശം നയേത്. (VI – 26)
മനസ്സിന്റെ നിയന്ത്രണത്തെപ്പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശ്ലോകമാണിത്. മനസ്സില്‍ പല കാര്യങ്ങളെപ്പറ്റിയും സങ്കല്പങ്ങളുണ്ടാകും. ആ സങ്കല്പങ്ങള്‍ ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളുമായി രൂപം മാറുകയാണ്. അവയുടെ സാക്ഷാത്കാരത്തിനായി ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. മനസ്സിനെ അവിടേക്ക് വലിച്ചു കൊണ്ടു പോകും. എന്നാല്‍ സങ്കല്പം രൂപം കൊള്ളുമ്പോള്‍ തന്നെ അതിനെപ്പറ്റിയുള്ള ബോധം കൂടി നമുക്കുണ്ടായാലോ. മനസ്സിനെ ശരിയായ ദിശയില്‍ പോകുന്നതിന് സഹായിക്കും.
"ചഞ്ചലവും സ്ഥിരതയില്ലാത്തതുമായ മനസ്സ് ഏതേത് വിഷയങ്ങളുടെ പിന്നാലെ സഞ്ചരിക്കുന്നുവോ, അതാത് വിഷയത്തില്‍ നിന്നും അപ്പോഴപ്പോള്‍ അതിനെ അടക്കി നിറുത്തി സ്വാത്മസത്തയുടെ വശത്തേക്ക് കൊണ്ടുവരണം. “
അപ്പോഴാണ് പ്രശാന്തമായ മനസ്സോടു കൂടിയവരാകുന്നത്. അങ്ങനെയുള്ളവര്‍ക്കാണ് ഉത്കൃഷ്ടമായ ആനന്ദം അനുഭവിക്കുവാന്‍ കഴിയുക. (VI - 27)
മനസ്സിനെ സ്വാത്മസത്തയില്‍ ഉറപ്പിച്ചു നിറുത്തുക എന്നു പറഞ്ഞാല്‍ ബലമായി പിടിച്ചു വെയ്ക്കുകയാണോ? അതു നടക്കുന്ന കാര്യമാണോ? അത് കാറ്റിനെ പിടിച്ചു കെട്ടാന്‍ ശ്രമിക്കുന്നതുപോലെ ദുഷ്കരമാണെന്ന് ഗീതാകാരന്‍ തന്നെ പറയുന്നു. വൈരാഗ്യവും മനസ്സിനെ അടക്കി നിര്‍ത്തുവാനുള്ള അഭ്യാസവുമാണ് വേണ്ടത്. അര്‍ജ്ജുനനും ഇക്കാര്യങ്ങളൊക്കെ അറിയാം.
കൃഷ്ണാ, ശ്രദ്ധയോടു കൂടിയവനാണെങ്കിലും ആത്മസംയമനമില്ലാതെ പോയതുകാരണം യോഗത്തില്‍ ഉറച്ചു നില്ക്കാത്ത മനസ്സോടു കൂടിയവന്‍ യോഗസിദ്ധിയെ പ്രാപിക്കുകയില്ലല്ലോ. നല്ല കാറ്റടിക്കുമ്പോള്‍ മേഘങ്ങള്‍ ഛിന്നഭിന്നമായി പോകുന്നതുപോലെ ആത്മസംയമനം ഇല്ലായ്മയുടെ കാറ്റേറ്റ് ജീവിതം തകര്‍ന്നു പോകുമല്ലോ എന്നാണ് അര്‍ജ്ജുനന്‍ പറയുന്നത്. (VI – 37,38)
അര്‍ജ്ജുനന്‍ ശ്രദ്ധാവാനായ ശിഷ്യനാണ്. മനസ്സിന്റെ നിയന്ത്രണം വിട്ടുപോയി എന്ന കുഴപ്പമേ സംഭവിച്ചിട്ടുള്ളൂ. ഇത്രയും നേരമുള്ള ഉപദേശം കൊണ്ട് തന്റെ കുഴപ്പം എന്താണെന്ന് അദ്ദേഹത്തിനു മനസ്സിലായിട്ടുണ്ട്.
മയ്യാസക്തമനാഃ പാര്‍ത്ഥ – എന്നില്‍ ആസക്തമായ മനസ്സോടു കൂടിയവനായിരിക്കുക. അപ്പോള്‍ യോഗമായി. ഈ യോഗശാസ്ത്രമാണ് ഗീത പഠിപ്പിക്കുന്നത്.
തസ്മാത് സര്‍വേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യര്‍പ്പിതമനോബുദ്ധിര്‍-
മ്മാമേവൈഷ്യസ്യസംശയഃ. (VIII – 7)
അതുകൊണ്ട് എല്ലാക്കാലത്തും എന്നെത്തന്നെ നീ ഓര്‍ത്തുകൊണ്ടേയിരിക്കുക. ഒപ്പം യുദ്ധം ചെയ്യുക. എന്നില്‍ അര്‍പ്പിക്കപ്പെട്ട മനസ്സോടും ബുദ്ധിയോടും കൂടിയ നിലയില്‍ നീ പ്രാപിക്കുന്നത് എന്നെത്തന്നെയായിരിക്കും. ഇക്കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയുള്ളവനാണ് യോഗി എന്ന് തുടര്‍ന്നു പറയുന്നുണ്ട്. (VIII – 14)
മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവ-
മാത്മാനം മത് പരായണഃ (IX – 34)
ഗീതയുടെ ഒത്ത നടുക്കുള്ള ശ്ലോകമാണിത്. ഉപദേശം പരമമായ അവസ്ഥയിലെത്തിയിരിക്കുന്നു. അര്‍ജ്ജുനന് മനസ്സിന്റെ കടിഞ്ഞാണ്‍ തിരിച്ചു കിട്ടുകയാണ്.
'അര്‍ജ്ജുനാ, നീ എന്റെ മനസ്സുള്ളവനായിത്തീരുക. നീ എന്നെ ഭജിക്കുന്നവനായി തീരുക. നീ എനിക്കു വേണ്ടി യജ്ഞം ചെയ്യുന്നവനായി തീരുക. എന്നെ നമസ്കരിക്കുന്നവനായിത്തീരുക. ഇത്തരത്തില്‍ മത്പരായണനായി, നീ നിന്നെ എന്നില്‍ നിന്ന് അനന്യമായി കണ്ടാല്‍ നീ പ്രപിക്കുന്നത് എന്നെത്തന്നെ ആയിരിക്കും.
ഗീതാമര്‍മം ആണ് ഇവിടെ അവതരിപ്പിക്കുന്നത്. പതിനെട്ടാം അദ്ധ്യായത്തിന്റെ അവസാനവും ഈ ശ്ലോകം തന്നെ നമുക്കു കാണാം. വ്യക്തിഗതമായ ചില പ്രശ്നങ്ങളാലാണ് അര്‍ജ്ജുനന്‍ ധര്‍മസമ്മുഢ ചേതസ്സായി തളര്‍ന്നു പോയത്. എല്ലാം സ്വന്തം കര്‍മമാണെന്ന തെറ്റിദ്ധാരണ. അഹന്തയുടെ അതിപ്രസരം.
തന്റെ കര്‍മത്തെ ആകവേയുള്ള പ്രകൃതിയുടെ കര്‍മവൈഭവമായി മനസ്സിലാക്കുവാനുള്ള തിരിച്ചറിവില്ലായ്മ. കൃഷ്ണന്‍ പറയുന്ന 'ഞാന്‍' ആരാണ് എന്നു മനസ്സിലാക്കി അതില്‍ ലയിച്ചിരിക്കുന്നതാണ് അര്‍ജ്ജുനന്‍ എന്ന ഈ ഞാനും - ഈ അറിവാണ് അര്‍ജ്ജുനനു ലഭിക്കുന്നത്. മന്മനാ ഭവ – നീ എന്റെ മനസ്സുള്ളവനായിത്തീരുക.
അര്‍ജ്ജുനന്റെ ഉള്ള് ഉണര്‍ന്നു കഴിഞ്ഞു. ഇനി ഞാനും നീയുമായുള്ള യോഗഭാവം എങ്ങനെ അനുഭവിക്കാമെന്നു മാത്രം പറഞ്ഞാല്‍ മതി.
ചേതസാ സര്‍വ കര്‍മാണി
മയി സംന്യസ്യ മത്പരഃ
ബുദ്ധിയോഗമുപാശ്രിത്യ
മച്ചിത്തഃ സതതം ഭവ. (XVIII – 57)
എല്ലാ കര്‍മങ്ങളെയും മനസ്സുകൊണ്ട് എന്നില്‍ സന്ന്യസിച്ചിട്ട് എന്നില്‍ മാത്രം മനസ്സിനെ ഉറപ്പിച്ചവനായിരുന്നുകൊണ്ട് എപ്പോഴും എന്റെ മനസ്സുള്ളവനായിത്തീരുക. സ്വധര്‍മത്തിനു ചേരുന്ന കര്‍മങ്ങള്‍ വന്നു ചേരുമ്പോള്‍ കര്‍ത്തൃത്വമോ ഭോക്തൃത്വമോ കൂടാതെ അവ അനുഷ്ഠിക്കുക. അങ്ങനെ കര്‍മം ചെയ്യണമെന്നു തീരുമാനിക്കുന്നതു നിന്റെ മനസ്സാണെന്നുണ്ടെങ്കിലും അത് നിന്റേതല്ല. എന്റെ മനസ്സാണ്. അതായത് ഇക്കാണുന്ന സര്‍വപ്രകൃതിയുടെ ഭാഗം തന്നെയാണ്. അര്‍ജ്ജുനന് ആദ്യമുണ്ടായിരുന്ന പ്രയാസങ്ങളൊക്കെ മാറിക്കഴിഞ്ഞു. അര്‍ജ്ജുനന്‍ ആദ്യം ചോദിച്ച ചോദ്യങ്ങള്‍ക്കു തന്നെയാണ് ഇപ്പോള്‍ ഉത്തരം പറയുന്നത്. യുദ്ധരംഗത്തേക്കു തന്നെ മടങ്ങിയെത്തിക്കഴിഞ്ഞു.
മച്ചിത്തഃ സര്‍വദുര്‍ഗാണി
മത് പ്രസാദാത്തരിഷ്യസി
എന്റെ മനസ്സുള്ളവനായി തീര്‍ന്നവന്‍ എന്റെ പ്രസാദം കൊണ്ട് എല്ലാ തടസ്സങ്ങളെയും തരണം ചെയ്യും. ഗുരുക്കന്മാരെയും ബന്ധുജനങ്ങളെയും കൊല്ലുന്നതു മഹാപാപമാണ്, അങ്ങനെ ചെയ്താല്‍ നരകത്തില്‍ പോകേണ്ടി വരും എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുള്ള അറിവു വെച്ച് അര്‍ജ്ജുനന് ദുഃഖമുണ്ടായി. മാനസികമായ പ്രതിസന്ധിയുണ്ടായി. ജീവിതത്തില്‍ ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്ന് അര്‍ജ്ജുനന് ‌അറിയണം. ഉള്ളു തെളിഞ്ഞവനായ അര്‍ജ്ജുനനോടു ഗുരു പറയുകയാണ്.
മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ
പ്രതിജാനേ പ്രിയോസി മേ. (XVIII – 65)
എന്റെ മനസ്സുള്ളവനായി തീരുക. എന്നെ ഭജിക്കുന്നവനായി തീരുക. എനിക്കു വേണ്ടി യജ്ഞം ചെയ്യുന്നവനായി തീരുക. എന്നെ നമസ്കരിക്കുക. ഇത്രയുമായാല്‍ നീ എന്നെത്തന്നെ പ്രാപിക്കും. ഇത് സത്യമായിത്തന്നെ ഞാന്‍ പറയുന്നു. എന്തുകൊണ്ടെന്നാല്‍ നീ എനിക്കു പ്രിയപ്പെട്ടവനാണ്.
കൃഷ്ണന്റെ പ്രിയവും സത്യവുമായ ഈ വാക്കുകള്‍ അര്‍ജ്ജുനന്‍ എന്ന മനുഷ്യന്റെ മനസ്സിലുള്ള സകല പാപചിന്തകളെയും മൂടോടെ പിഴുതെറി‌ഞ്ഞ് പരമമായ മുക്തിയിലേക്ക് നയിക്കുകയാണ്. ഞാനെന്നും നീയെന്നുമുള്ള ഭേദചിന്തയെല്ലാം കടന്നുപോയിരിക്കുന്നു. ഇപ്പോഴുള്ളത് ഒരു വലിയ ഞാന്‍ മാത്രം. ഒരു മനസ്സു മാത്രം. ഒരൊറ്റ മനസ്സു മാത്രം.

2011 ജൂൺ 30, വ്യാഴാഴ്‌ച