പേജുകള്‍‌

2011 നവംബർ 11, വെള്ളിയാഴ്‌ച

ഭാഗവദ്ഗീത

മനസ്സ് ഭഗവദ്ഗീതയില്‍
മന്മനാഭവ
രജികുമാര്‍.റ്റി.ആര്‍
ഭഗവദ്ഗീത ബ്രഹ്മവിദ്യയും യോഗശാസ്ത്രവുമാണ്. മാനസികമായ പ്രതിസന്ധിയില്‍ അകപ്പെട്ടു പോയവനെ അതില്‍ നിന്നു പുറത്തെത്തിക്കുവാനുള്ള ശ്രേഷ്ഠമായ ഉപദേശമാണ്. പാപപുണ്യ ചിന്തകളും സ്വര്‍ഗ നരക വിശ്വാസങ്ങളും സംബന്ധിച്ച കേട്ടറിവുകള്‍ നമ്മെ കര്‍മവിമുഖരാക്കും. മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. തളര്‍ന്നിരുന്നു പോകും. അപ്പോള്‍ മനസ്സിന്റെ വിശദമായ വിവരണവും വിശകലനവും നല്കണം. അതാണ് ഗീതയില്‍ നിന്നും പഠിക്കുവാന്‍ കഴിയുന്നത്. അര്‍ജ്ജുനന്‍ എല്ലാമറിയാവുന്നവനാണ്. ദിവ്യായുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ത്ഥനാണ്. എന്നാലും യുദ്ധക്കളത്തില്‍ തളര്‍ന്നു പോകുന്നു. അതിനു കാരണം മനസ്സിനെക്കുറിച്ചുള്ള വിദ്യ മറഞ്ഞിരുന്നതാണ്. മന്മനാഭവ- എന്റെ മനസ്സുള്ളവനായിത്തീരുക- ഇതാണ് ഉപദേശത്തിന്റെ കാതല്‍.
മനസ്സ് ആറാമത്തെ ഇന്ദ്രിയമാണെന്നും ഏറ്റവും ശ്രേഷ്ഠമായതാണെന്നും ഗീത പറയുന്നു. (മനഃ ഷഷ്ഠാനീന്ദ്രിയാണി) അങ്ങനെയുള്ള മനസ്സിന്റെ നിയന്ത്രണം സ്വന്തം വരുതിയിലാവണം. അതിന് ഉള്ളം തെളിയണം. അതിനുള്ള ഉപദേശമാണ് ഗീതയിലുടെ ശ്രവിക്കുന്നത്.
ഗുരുമുഖത്തു നിന്ന് ജ്ഞാനരഹസ്യം പുറപ്പെട്ടുതുടങ്ങുന്ന രണ്ടാമധ്യായം പതിനൊന്നാം ശ്ലോകം മുതല്‍ മനസ്സിനെക്കുറിച്ചുള്ള വിദ്യ വെളിവാക്കിക്കൊടുക്കുവാന്‍ ശ്രമിക്കുകയാണ്.
അശോച്യാനന്വശോചസ്ത്വം
പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച
നാനുശോചന്തി പണ്ഡിതാഃ
അര്‍ജ്ജുനന്റെ ദുഃഖത്തെപ്പറ്റിയാണ് പറയുന്നത്. പണ്ഡിതന്റെ വാക്കു പറയുകയും പണ്ഡിതോചിതമല്ലാതെ ദുഃഖിക്കുകയും ചെയ്യുന്നു.സ്വജനങ്ങളെ കൊല ചെയ്തിട്ട് രാജ്യം നേടുന്നത് പാപമാണെന്നാണ് അര്‍ജ്ജുനന്‍ കരുതുന്നത്. തന്റെ കുലത്തിലുള്ള അഭിമാനവും കുലനാശം മൂലം സ്ത്രീകള്‍ ദുഷിക്കുമെന്ന ചിന്തയും പിതൃക്കള്‍ക്ക് ശ്രാദ്ധം നല്കുവാനാളില്ലാതായി തീരുമെന്ന പതനവും അതുമൂലം നരകത്തില്‍ പോകേണ്ടി വരുമെന്ന വിശ്വാസവും ഒക്കെ ചേര്‍ന്ന് മനസ്സിന്റെ നിയന്ത്രണം നഷ്ടമായവന്റെ ദുഃഖമാണ് അര്‍ജ്ജുനനുള്ളത്. അറിവുണ്ടെങ്കിലും അത് ശരിയായ അറിവല്ല. അറിവിലും ഏറിയ അറിവ് അര്‍ജ്ജുനനില്ല. ആ അറിവ് അര്‍ജ്ജുനന് ഉപദേശിച്ചു കൊടുക്കുകയാണ് ഇവിടം മുതല്‍.
ഇവിടെ എന്നെ കൈവിടാതെ കാത്തുകൊള്ളണമെന്ന അര്‍ജ്ജുനന്റെ പ്രലപനമാണ് നാം കേള്‍ക്കുന്നത്. അവസാനമോ, ആഴമേറിയ മഹസ്സാമാഴിയില്‍ ആഴുന്നതിനും വാഴുന്നതിനുമുള്ള തെളിഞ്ഞ അറിവ് ലഭിക്കുന്നു. - മന്മനാ ഭവ - തത്ത്വപരമായി അറിഞ്ഞമരുന്നു. അങ്ങ് ഇരിക്കുന്ന ഒരു വലിയ മനസ്സും ഇങ്ങ് ഇരിക്കുന്ന ഒരു ചെറിയ മനസ്സും. ഒടുവില്‍ എല്ലാം ഒന്നായി തീരുന്ന ഒരു തിരിച്ചറിവ്.
ഇന്ദ്രിയ വ്യാപാരങ്ങളുടെ ലോകത്തെ നയിക്കുന്നത് മനസ്സാണ്. ശ്രവണം,ഘ്രാണം, ചക്ഷുസ്, ത്വക്ക്, രസന ഇങ്ങനെയുള്ള പഞ്ചേന്ദ്രിയങ്ങള്‍ അതാതിന്റെ വൃത്തിയില്‍ ഏര്‍പ്പെടണമെങ്കില്‍ മനസ്സ് അതിനെ നയിക്കണം. (ഇന്ദ്രിയാണാം മനശ്ചാസ്മി) ധര്‍മസമ്മൂഢചേതസ്സായിരിക്കുന്ന അര്‍ജ്ജുനന്റെ മനസ്സിന് ഇന്ദ്രിയവ്യാപാരങ്ങളുടെ ലോകത്തെ നയിച്ചുകൊണ്ടു പോകുവാന്‍ കഴിയുന്നില്ല. താനിരിക്കുന്ന തേരിന്റെ മാത്രമല്ല, മനസ്സിന്റെ ചരടുകൂടി ആദ്യം തന്നെ കൃഷ്ണനെ ഏല്പിക്കുകയാണ്.
യതതോ ഹ്യപി കൗന്തേയ
പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്തി പ്രസഭം മനഃ (II - 60)
ആത്മ സംയമനത്തിനു വേണ്ടി പ്രയത്നം ചെയ്യുന്ന വിവേകിയായ ആളിന്റെ മനസ്സിനെപ്പോലും ക്ഷോഭിപ്പിക്കുന്നവയാണ് ഇന്ദ്രിയങ്ങള്‍. അവ മനസ്സിനെ ബലാത്കാരമായി പിടിച്ചുവലിച്ചു കൊണ്ടുപോകാം. അതാണ് അര്‍ജ്ജുനനു സംഭവിച്ചിരിക്കുന്ന ദോഷം. ഇന്ദ്രിയങ്ങള്‍ മനസ്സിനെ ബലമായി പിടിച്ചു വലിച്ചു കൊണ്ടു പോകുന്നതിനെ വെള്ളത്തില്‍ കിടക്കുന്ന തോണിയെ കാറ്റ് വലിച്ചുകൊണ്ടു പോകുന്നതിനോടാണ് ഭഗവാന്‍ സാദൃശപ്പെടുത്തുന്നത്.
ഇന്ദ്രിയാണാം ഹി ചരതാം
യന്മനോfനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുര്‍നാവമിവാംഭസി (II – 67)
ജ്ഞാനേന്ദ്രിയങ്ങള്‍ പോലെ കര്‍മേന്ദ്രിയങ്ങളും അഞ്ചുണ്ട്. അവയുടെ നിയന്ത്രണവും അര്‍ജ്ജുനനു നഷ്ടമായിരിക്കുന്നു. ഗാണ്ഡീവം പിടിവിട്ട് വീണുപോയതും ശരീരം തളര്‍ന്നിരുന്നു പോയതും അതുകൊണ്ടാണ്.
കര്‍മേന്ദ്രിയങ്ങളെ ബലാത്കാരമായി പിടിച്ചു നിര്‍ത്തി വിരക്തന്മാരെ പോലെ കഴിയുന്ന ചിലരുണ്ട്. എന്നാല്‍ അവരുടെ മനസ്സ് ഇന്ദ്രിയസുഖങ്ങള്‍ക്കു പിന്നാലെ പാഞ്ഞുകൊണ്ടിരിക്കും. മിഥ്യാചാരന്‍ എന്നാണ് അവരെ വിളിക്കുക. (III – 6). അര്‍ജ്ജുനന്‍ ഏതായാലും അങ്ങനെയല്ല. ഒരു വിരക്തനല്ല. ധര്‍മസമ്മൂഢ ചേതസ്സായി നിഷ്ക്രിയനായതാണ്. പ്രകൃതി സഹജമെന്ന നിലയില്‍ കര്‍മം ചെയ്യുവാനാണ് ഭഗവാന്‍ ഉദ്ബോധിപ്പിക്കുന്നത്. ഈ കര്‍മം എന്റേത്, ഇതിന്റെ ഫലവുമെന്റേത് എന്നു കരുതിയതാണ് അര്‍ജ്ജുനനു സംഭവിച്ച കുഴപ്പം. അതുകൊണ്ടാണ് പാപപുണ്യ ചിന്തയൊക്കെ ഉണ്ടായത്. യജ്ഞം എന്ന നിലയില്‍ കര്‍മം ചെയ്യണം എന്നാണ് ഭഗവാന്‍ പറയുന്നത്.
പ്രകൃതേ ക്രിയമാണാനി
ഗുണൈഃ കര്‍മാണി സര്‍വശഃ
അഹങ്കാരവിമൂഢാത്മാ
കര്‍ത്താഹമിതി മന്യതേ. (III-27)
പ്രകൃതിയുടെ ഗുണങ്ങള്‍ മുഖാന്തിരം എല്ലാ തരത്തിലുമുള്ള കര്‍മങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ എന്ന ഭാവം കൊണ്ട് വിവേകം നശിച്ചവന്‍ , താനാണ് ഇതിന്റെ കര്‍ത്താവ് എന്നു വിചാരിക്കുന്നു.
ഓരോ വ്യക്തിയും അവനെ മാത്രം കേന്ദ്രമാക്കി ചിന്തിക്കുന്നു. സ്വന്തം ഇഷ്ടത്തിനു മാത്രം വില കല്പിക്കുന്നു. ഇഷ്ടമില്ലാത്തതിനെ വെറുക്കുന്നു. അതിനനുസരണമായി കര്‍മങ്ങളനുഷ്ഠിക്കുന്നു. കര്‍മം ചെയ്യാനുള്ള കഴിവും ഇഷ്ടാനിഷ്ടങ്ങളുമൊക്കെ പ്രകൃതി സഹജമായി കിട്ടിയിട്ടുള്ളതാണ് എന്ന് ആരും ചിന്തിക്കുന്നില്ല. ആകെയുള്ള പ്രകൃതിയുടെ ഉരുള്‍ച്ചയുടെ ഭാഗമായി സ്വന്തം ജീവിതത്തെയും അതിലെ കര്‍മങ്ങളെയും കാണണം. അപ്പോഴാണ് കര്‍മം കര്‍മയജ്ഞമായി തീരുന്നത്. മനസ്സുകൊണ്ടാണ് യജിക്കേണ്ടത്. അങ്ങനെയുള്ളവനാണ് ജിതേന്ദ്രിയന്‍. ഒമ്പതു വാതിലുകളുള്ള പട്ടണത്തില്‍ അവന്‍ വസിക്കുന്നത് ‌ഞാന്‍ ഒന്നും ചെയ്യുന്നില്ല, ഒന്നും ചെയ്യിക്കുന്നുമില്ല എന്ന ഭാവത്തിലാണ്.
സര്‍വകര്‍മാണി മനസാ
സന്ന്യസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹീ
നൈവ കുര്‍വന്‍ ന കാരയന്‍. (V-13)
ഈ അവസ്ഥയില്‍ കഴിയുക എന്നു പറഞ്ഞാല്‍ മനസ്സ് സാമ്യാവസ്ഥയില്‍ ഉറച്ചു നില്ക്കുന്നു എന്നാണര്‍ത്ഥം. അവന്‍ ഇഹലോകത്തില്‍ ജീവിക്കവേ തന്നെ ജനനമരണരൂപത്തിലുള്ള സര്‍ജനത്തെ ജയിക്കുന്നു. അവന്‍ സ്വന്തം സ്ഥിതിയെ ബ്രഹ്മത്തില്‍ തന്നെ കാണുന്നു.
ഇഹൈവ തൈര്‍ജ്ജിതഃ സര്‍ഗോ
യേഷാം സാമ്യേ സ്ഥിതം മനഃ
നിര്‍ദ്ദോഷം ഹി സമം ബ്രഹ്മ
തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ (V- 19)
ഇങ്ങനെ കാണുന്നതിന് മനസ്സിനെ ഉന്മുഖമാക്കി വെയ്ക്കണം. ഏകാഗ്രമാക്കണം. തടസ്സമായി നില്ക്കുന്ന ഇന്ദ്രിയങ്ങളെ - കിളികളെ- അഞ്ചുമരിഞ്ഞു കീഴ്മറിക്കണം. അപ്പോള്‍ യോഗാവസ്ഥയിലെത്തി.
നിയന്ത്രിതമായ മനസ്സ് എപ്പോഴാണോ ആത്മാവില്‍ തന്നെ, തന്നില്‍ തന്നെ ഉറച്ചുനില്ക്കുന്നത്, എപ്പോഴാണോ ഇച്ഛയെ കാമ്യവിഷയങ്ങളില്‍ നിന്നും - ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും നിവര്‍ത്തിപ്പിച്ചു കൊണ്ട് വര്‍ത്തിക്കുന്നത്, അങ്ങനെയുള്ളവനാണ് യോഗി.
യദാ വിനിയതം ചിത്ത-
മാത്മന്യേവാവതിഷ്ഠതേ
നിസ്പൃഹഃ സര്‍വകാമേഭ്യോ
യുക്ത ഇത്യുച്യതേ തദാ. (VI – 18)
ഇങ്ങനെ യോഗിയായിരിക്കുന്നതില്‍ നിന്നും നമ്മെ വ്യതിചലിപ്പിക്കുന്നത് ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങളായിരിക്കും. രണ്ടിനെയും തരണം ചെയ്യാന്‍ വേണ്ടത് ഉറപ്പുള്ള മനസ്സാണ്. മനസ്സിനെ സ്വാത്മ സത്തയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ യോഗിയായി.
യതോ യതോ നിശ്ചരതി
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമ്യൈത-
ദാത്മന്യേവ വശം നയേത്. (VI – 26)
മനസ്സിന്റെ നിയന്ത്രണത്തെപ്പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശ്ലോകമാണിത്. മനസ്സില്‍ പല കാര്യങ്ങളെപ്പറ്റിയും സങ്കല്പങ്ങളുണ്ടാകും. ആ സങ്കല്പങ്ങള്‍ ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളുമായി രൂപം മാറുകയാണ്. അവയുടെ സാക്ഷാത്കാരത്തിനായി ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. മനസ്സിനെ അവിടേക്ക് വലിച്ചു കൊണ്ടു പോകും. എന്നാല്‍ സങ്കല്പം രൂപം കൊള്ളുമ്പോള്‍ തന്നെ അതിനെപ്പറ്റിയുള്ള ബോധം കൂടി നമുക്കുണ്ടായാലോ. മനസ്സിനെ ശരിയായ ദിശയില്‍ പോകുന്നതിന് സഹായിക്കും.
"ചഞ്ചലവും സ്ഥിരതയില്ലാത്തതുമായ മനസ്സ് ഏതേത് വിഷയങ്ങളുടെ പിന്നാലെ സഞ്ചരിക്കുന്നുവോ, അതാത് വിഷയത്തില്‍ നിന്നും അപ്പോഴപ്പോള്‍ അതിനെ അടക്കി നിറുത്തി സ്വാത്മസത്തയുടെ വശത്തേക്ക് കൊണ്ടുവരണം. “
അപ്പോഴാണ് പ്രശാന്തമായ മനസ്സോടു കൂടിയവരാകുന്നത്. അങ്ങനെയുള്ളവര്‍ക്കാണ് ഉത്കൃഷ്ടമായ ആനന്ദം അനുഭവിക്കുവാന്‍ കഴിയുക. (VI - 27)
മനസ്സിനെ സ്വാത്മസത്തയില്‍ ഉറപ്പിച്ചു നിറുത്തുക എന്നു പറഞ്ഞാല്‍ ബലമായി പിടിച്ചു വെയ്ക്കുകയാണോ? അതു നടക്കുന്ന കാര്യമാണോ? അത് കാറ്റിനെ പിടിച്ചു കെട്ടാന്‍ ശ്രമിക്കുന്നതുപോലെ ദുഷ്കരമാണെന്ന് ഗീതാകാരന്‍ തന്നെ പറയുന്നു. വൈരാഗ്യവും മനസ്സിനെ അടക്കി നിര്‍ത്തുവാനുള്ള അഭ്യാസവുമാണ് വേണ്ടത്. അര്‍ജ്ജുനനും ഇക്കാര്യങ്ങളൊക്കെ അറിയാം.
കൃഷ്ണാ, ശ്രദ്ധയോടു കൂടിയവനാണെങ്കിലും ആത്മസംയമനമില്ലാതെ പോയതുകാരണം യോഗത്തില്‍ ഉറച്ചു നില്ക്കാത്ത മനസ്സോടു കൂടിയവന്‍ യോഗസിദ്ധിയെ പ്രാപിക്കുകയില്ലല്ലോ. നല്ല കാറ്റടിക്കുമ്പോള്‍ മേഘങ്ങള്‍ ഛിന്നഭിന്നമായി പോകുന്നതുപോലെ ആത്മസംയമനം ഇല്ലായ്മയുടെ കാറ്റേറ്റ് ജീവിതം തകര്‍ന്നു പോകുമല്ലോ എന്നാണ് അര്‍ജ്ജുനന്‍ പറയുന്നത്. (VI – 37,38)
അര്‍ജ്ജുനന്‍ ശ്രദ്ധാവാനായ ശിഷ്യനാണ്. മനസ്സിന്റെ നിയന്ത്രണം വിട്ടുപോയി എന്ന കുഴപ്പമേ സംഭവിച്ചിട്ടുള്ളൂ. ഇത്രയും നേരമുള്ള ഉപദേശം കൊണ്ട് തന്റെ കുഴപ്പം എന്താണെന്ന് അദ്ദേഹത്തിനു മനസ്സിലായിട്ടുണ്ട്.
മയ്യാസക്തമനാഃ പാര്‍ത്ഥ – എന്നില്‍ ആസക്തമായ മനസ്സോടു കൂടിയവനായിരിക്കുക. അപ്പോള്‍ യോഗമായി. ഈ യോഗശാസ്ത്രമാണ് ഗീത പഠിപ്പിക്കുന്നത്.
തസ്മാത് സര്‍വേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യര്‍പ്പിതമനോബുദ്ധിര്‍-
മ്മാമേവൈഷ്യസ്യസംശയഃ. (VIII – 7)
അതുകൊണ്ട് എല്ലാക്കാലത്തും എന്നെത്തന്നെ നീ ഓര്‍ത്തുകൊണ്ടേയിരിക്കുക. ഒപ്പം യുദ്ധം ചെയ്യുക. എന്നില്‍ അര്‍പ്പിക്കപ്പെട്ട മനസ്സോടും ബുദ്ധിയോടും കൂടിയ നിലയില്‍ നീ പ്രാപിക്കുന്നത് എന്നെത്തന്നെയായിരിക്കും. ഇക്കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയുള്ളവനാണ് യോഗി എന്ന് തുടര്‍ന്നു പറയുന്നുണ്ട്. (VIII – 14)
മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവ-
മാത്മാനം മത് പരായണഃ (IX – 34)
ഗീതയുടെ ഒത്ത നടുക്കുള്ള ശ്ലോകമാണിത്. ഉപദേശം പരമമായ അവസ്ഥയിലെത്തിയിരിക്കുന്നു. അര്‍ജ്ജുനന് മനസ്സിന്റെ കടിഞ്ഞാണ്‍ തിരിച്ചു കിട്ടുകയാണ്.
'അര്‍ജ്ജുനാ, നീ എന്റെ മനസ്സുള്ളവനായിത്തീരുക. നീ എന്നെ ഭജിക്കുന്നവനായി തീരുക. നീ എനിക്കു വേണ്ടി യജ്ഞം ചെയ്യുന്നവനായി തീരുക. എന്നെ നമസ്കരിക്കുന്നവനായിത്തീരുക. ഇത്തരത്തില്‍ മത്പരായണനായി, നീ നിന്നെ എന്നില്‍ നിന്ന് അനന്യമായി കണ്ടാല്‍ നീ പ്രപിക്കുന്നത് എന്നെത്തന്നെ ആയിരിക്കും.
ഗീതാമര്‍മം ആണ് ഇവിടെ അവതരിപ്പിക്കുന്നത്. പതിനെട്ടാം അദ്ധ്യായത്തിന്റെ അവസാനവും ഈ ശ്ലോകം തന്നെ നമുക്കു കാണാം. വ്യക്തിഗതമായ ചില പ്രശ്നങ്ങളാലാണ് അര്‍ജ്ജുനന്‍ ധര്‍മസമ്മുഢ ചേതസ്സായി തളര്‍ന്നു പോയത്. എല്ലാം സ്വന്തം കര്‍മമാണെന്ന തെറ്റിദ്ധാരണ. അഹന്തയുടെ അതിപ്രസരം.
തന്റെ കര്‍മത്തെ ആകവേയുള്ള പ്രകൃതിയുടെ കര്‍മവൈഭവമായി മനസ്സിലാക്കുവാനുള്ള തിരിച്ചറിവില്ലായ്മ. കൃഷ്ണന്‍ പറയുന്ന 'ഞാന്‍' ആരാണ് എന്നു മനസ്സിലാക്കി അതില്‍ ലയിച്ചിരിക്കുന്നതാണ് അര്‍ജ്ജുനന്‍ എന്ന ഈ ഞാനും - ഈ അറിവാണ് അര്‍ജ്ജുനനു ലഭിക്കുന്നത്. മന്മനാ ഭവ – നീ എന്റെ മനസ്സുള്ളവനായിത്തീരുക.
അര്‍ജ്ജുനന്റെ ഉള്ള് ഉണര്‍ന്നു കഴിഞ്ഞു. ഇനി ഞാനും നീയുമായുള്ള യോഗഭാവം എങ്ങനെ അനുഭവിക്കാമെന്നു മാത്രം പറഞ്ഞാല്‍ മതി.
ചേതസാ സര്‍വ കര്‍മാണി
മയി സംന്യസ്യ മത്പരഃ
ബുദ്ധിയോഗമുപാശ്രിത്യ
മച്ചിത്തഃ സതതം ഭവ. (XVIII – 57)
എല്ലാ കര്‍മങ്ങളെയും മനസ്സുകൊണ്ട് എന്നില്‍ സന്ന്യസിച്ചിട്ട് എന്നില്‍ മാത്രം മനസ്സിനെ ഉറപ്പിച്ചവനായിരുന്നുകൊണ്ട് എപ്പോഴും എന്റെ മനസ്സുള്ളവനായിത്തീരുക. സ്വധര്‍മത്തിനു ചേരുന്ന കര്‍മങ്ങള്‍ വന്നു ചേരുമ്പോള്‍ കര്‍ത്തൃത്വമോ ഭോക്തൃത്വമോ കൂടാതെ അവ അനുഷ്ഠിക്കുക. അങ്ങനെ കര്‍മം ചെയ്യണമെന്നു തീരുമാനിക്കുന്നതു നിന്റെ മനസ്സാണെന്നുണ്ടെങ്കിലും അത് നിന്റേതല്ല. എന്റെ മനസ്സാണ്. അതായത് ഇക്കാണുന്ന സര്‍വപ്രകൃതിയുടെ ഭാഗം തന്നെയാണ്. അര്‍ജ്ജുനന് ആദ്യമുണ്ടായിരുന്ന പ്രയാസങ്ങളൊക്കെ മാറിക്കഴിഞ്ഞു. അര്‍ജ്ജുനന്‍ ആദ്യം ചോദിച്ച ചോദ്യങ്ങള്‍ക്കു തന്നെയാണ് ഇപ്പോള്‍ ഉത്തരം പറയുന്നത്. യുദ്ധരംഗത്തേക്കു തന്നെ മടങ്ങിയെത്തിക്കഴിഞ്ഞു.
മച്ചിത്തഃ സര്‍വദുര്‍ഗാണി
മത് പ്രസാദാത്തരിഷ്യസി
എന്റെ മനസ്സുള്ളവനായി തീര്‍ന്നവന്‍ എന്റെ പ്രസാദം കൊണ്ട് എല്ലാ തടസ്സങ്ങളെയും തരണം ചെയ്യും. ഗുരുക്കന്മാരെയും ബന്ധുജനങ്ങളെയും കൊല്ലുന്നതു മഹാപാപമാണ്, അങ്ങനെ ചെയ്താല്‍ നരകത്തില്‍ പോകേണ്ടി വരും എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുള്ള അറിവു വെച്ച് അര്‍ജ്ജുനന് ദുഃഖമുണ്ടായി. മാനസികമായ പ്രതിസന്ധിയുണ്ടായി. ജീവിതത്തില്‍ ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്ന് അര്‍ജ്ജുനന് ‌അറിയണം. ഉള്ളു തെളിഞ്ഞവനായ അര്‍ജ്ജുനനോടു ഗുരു പറയുകയാണ്.
മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ
പ്രതിജാനേ പ്രിയോസി മേ. (XVIII – 65)
എന്റെ മനസ്സുള്ളവനായി തീരുക. എന്നെ ഭജിക്കുന്നവനായി തീരുക. എനിക്കു വേണ്ടി യജ്ഞം ചെയ്യുന്നവനായി തീരുക. എന്നെ നമസ്കരിക്കുക. ഇത്രയുമായാല്‍ നീ എന്നെത്തന്നെ പ്രാപിക്കും. ഇത് സത്യമായിത്തന്നെ ഞാന്‍ പറയുന്നു. എന്തുകൊണ്ടെന്നാല്‍ നീ എനിക്കു പ്രിയപ്പെട്ടവനാണ്.
കൃഷ്ണന്റെ പ്രിയവും സത്യവുമായ ഈ വാക്കുകള്‍ അര്‍ജ്ജുനന്‍ എന്ന മനുഷ്യന്റെ മനസ്സിലുള്ള സകല പാപചിന്തകളെയും മൂടോടെ പിഴുതെറി‌ഞ്ഞ് പരമമായ മുക്തിയിലേക്ക് നയിക്കുകയാണ്. ഞാനെന്നും നീയെന്നുമുള്ള ഭേദചിന്തയെല്ലാം കടന്നുപോയിരിക്കുന്നു. ഇപ്പോഴുള്ളത് ഒരു വലിയ ഞാന്‍ മാത്രം. ഒരു മനസ്സു മാത്രം. ഒരൊറ്റ മനസ്സു മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ