കനകമല
രജികുമാര്‍.റ്റി.ആര്‍
സൂര്യോദയം - ആവര്‍ത്തന വിരസതയില്ലാതെ എന്നും ആസ്വദിക്കാവുന്ന വിഭ്രാമക സൗന്ദര്യമാണ്. എന്നും സൂര്യോദയമുണ്ട്. കാലവും ദേശവും മാറുമ്പോള്‍ ആ പ്രപഞ്ച സൗന്ദര്യം വ്യത്യസ്തവിതാനങ്ങളില്‍ അവതരിക്കുന്നു. വ്യത്യസ്തരീതികളില്‍ ആവിഷ്കരിക്കുന്നു. കടലിലും കരയിലും വ്യത്യസ്തമാനങ്ങള്‍ രചിക്കുന്നു. എല്ലാം ഒരേയൊരു സൂര്യന്‍. എന്നാല്‍ ഒന്നു മറ്റൊന്നില്‍ നിന്നു വേറിട്ടത്. കനകമലയിലെ സൂര്യോദയം വിവരിക്കാന്‍ വാക്കുകളില്ല. അനുഭവിയാതറിവീല എന്നു പറയാം. പ്രഭാതത്തില്‍ അതൊരു കനകമല തന്നെ. കതിരവന്റെ കനകക്കതിരില്‍ പൊതിഞ്ഞു നില്ക്കുന്ന സമയം. കുന്നിന്റെ മുകളില്‍ തന്നെ നില്ക്കണം. കണ്ണുകള്‍ക്ക് എത്തിച്ചേരാവുന്ന ദൂരത്തിന് പരിധിയില്ല. അങ്ങങ്ങു ദൂരെ നിന്ന് സൂര്യഭഗവാന്‍ ഉയര്‍ന്നു വരുന്ന കാഴ്ച മുതല്‍ കണ്ടു തുടങ്ങണം. മഞ്ഞിന്‍ കൂട്ടങ്ങളുടെ ഒളിച്ചുകളി കാണാന്‍ വലിയ രസമാണ്. പിന്നെ ഞാനും നീയും ഒന്നെന്ന മട്ടില്‍ അവ ഒന്നായി ലയിച്ചു ചേരുന്നു. പതുക്കെ പതുക്കെ പകലിന്റെ വരവായി. കനകശോഭയില്‍ വെണ്മയുടെ ആവരണം വന്നു മൂടുന്നു. പിന്നെയും നിറം കൂട്ടുന്നതിന് സന്ധ്യ വരെ കാത്തിരിക്കണം.
പകലെല്ലാം മറഞ്ഞിരുന്ന കടലിനെ അസ്തമയ സൂര്യന്‍ വെളിവാക്കിത്തരും. ചെന്നിറമാര്‍ന്ന സൂര്യന്‍. രാവിലെ കണ്ടതുപോലെ നീണ്ടുവരുന്ന രശ്മികളില്ല. തൊട്ടുതാഴെ പൊന്‍പ്രഭയോടെ മിന്നുന്ന കടലിന്റെ കുഞ്ഞോളങ്ങള്‍. അവര്‍ കിന്നാരം പറയുന്നതിനിടയ്ക്ക് നമ്മളെ ശ്രദ്ധിക്കുന്നതു കൂടിയില്ല. സുഖനിദ്രയ്ക്ക് കൂട്ടിന് ആളെ കിട്ടിയതിന്റെ അഹങ്കാരമാവും.
തലശ്ശേരിയിലെ കനകമല ഗുരുകുലത്തില്‍ ഒരിക്കല്‍ പോയവര്‍ വീണ്ടും പോകും. മനസ്സിന്റെ വലിയൊരിഷ്ടം അവിടെ ഉറച്ചുപോകും. കഴിഞ്ഞ ഒക്ടോബര്‍ ആറു മുതല്‍ ഒന്‍പതുവരെ അവിടെ ഗുരുകുല കണ്‍വന്‍ഷനില്‍ പങ്കെടുത്തിട്ടു മടങ്ങിപ്പോരികയായിരുന്നില്ല, കുടുംബസ്നേഹത്തിന്റയും ഔദ്യോഗിക വൃത്തിയുടെയും അദൃശ്യനൂലുകള്‍ വലിച്ചെടുത്തു കൊണ്ടു പോവുകയായിരുന്നു.
ആദ്യദിനം വിദ്യാരംഭം. നൂറുകണക്കിനു കുട്ടികള്‍ അന്നവിടെയെത്തി. ഗുരുവില്‍ നിന്നും അറിവിന്റെ ആദ്യപാഠങ്ങള്‍ ഏറ്റുവാങ്ങി സുകൃതജന്മികളായി ആ കുരുന്നുകള്‍ മലയിറങ്ങിക്കഴിഞ്ഞതിനു ശേഷമാണ് എത്താന്‍ കഴിഞ്ഞത്. അടുത്ത രണ്ടുദിവസങ്ങളില്‍ കനകമലയിലെ പ്രഭാത സായന്തനങ്ങള്‍ മനസ്സില്‍ വാരി നിറച്ചു. പകല്‍ ജ്ഞാനത്തിന്റെ കനകതീര്‍ത്ഥവും. മനസ്സിന്റെ ഉള്ളറകളിലേക്ക് വ്യത്യസ്ത മാര്‍ഗങ്ങള്‍ തുറന്നു തരുന്ന പ്രബന്ധങ്ങളാണ് അവിടെ അവതരിപ്പിച്ചത്.
ഏഴാം തീയതി കാലത്ത് ഗുരുവിന്റെ പ്രവചനം. ഇന്ദ്രിയവൈരാഗ്യം ആയിരുന്നു വിഷയം. ഗുരുശിഷ്യ പാരസ്പര്യത്തിന്റെ ഉദാത്തഭാവം നേരിട്ടറിഞ്ഞ നിമിഷങ്ങള്‍. ത്യാഗത്തിന് മുഖ്യസ്ഥാനമുള്ള ഗുരുകുല ജീവിതത്തെയാണ് ഗുരു ആദ്യം എടുത്തുകാട്ടിയത്. നമ്മില്‍ നമ്മളായിരിക്കുന്ന സത്യം കണ്ടെത്തി ജീവിക്കണം. ഇന്ദ്രിയ വിഷയങ്ങള്‍ക്കു പിന്നാലെ പോകുമ്പോഴാണ് ഇതു സാധ്യമാകാതെ വരുന്നത്. (കനകമലയിലെ പ്രഭാതസായന്തനങ്ങളില്‍ കണ്ണേ മടങ്ങുക എന്നു പറയണോ!) വേണ്ട, ഗുരു വീണ്ടും പറയുന്നു, ഇന്ദ്രിയ നിഗ്രഹം എന്നു പറഞ്ഞാല്‍ ഇന്ദ്രിയങ്ങളെ നിയമേന ഗ്രഹിക്കുക എന്നാണ് അര്‍ത്ഥം. വിശേഷേണ ശയിക്കുന്നതാണ് വിഷയം. ഇന്ദ്രയങ്ങള്‍ അതിന്റെ വിഷയങ്ങളില്‍ ഒട്ടിപ്പിടിക്കുന്നു. നിഗ്രഹം - നിയമേനയുള്ള ഗ്രഹിക്കല്‍ അവിടെയാണ് നടക്കേണ്ടത്.
മനസ്സ് വൈശേഷിക ദര്‍ശനത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച സ്വാമി തന്മയ വൈശേഷിക ദര്‍ശനത്തിന്റെ ഉത്പത്തി, വളര്‍ച്ച, ദര്‍ശനസാരം എന്നിവ വളരെ ലളിതമായി അവതരിപ്പിച്ചു. ഇവിടെ മനസ്സും ഒരു ദ്രവ്യമാണ്. അതിന് മാനങ്ങളില്ല. ഘടകങ്ങളില്ല. അതുണ്ടായിട്ടില്ല. നശിപ്പിക്കാനാവില്ല. നിത്യസത്യമാണത്. ആത്മാവ് മനസ്സുമായും മനസ്സ് പഞ്ചേന്ദ്രിയങ്ങളുമായും പഞ്ചേന്ദ്രിയങ്ങള്‍ ബാഹ്യവസ്തുക്കളുമായും ബന്ധപ്പെടുമ്പോഴാണ് ഇന്ദ്രയാനുഭവങ്ങളുണ്ടാകുന്നത്. പരമാണുവിനെപ്പറ്റി ആദ്യമായി പറഞ്ഞത് വൈശേഷിക ദര്‍ശനം അവതരിപ്പിച്ച കണാദമുനിയാണ്. അദ്ധ്യക്ഷ സ്ഥാനത്തിരുന്ന ബ്രഹ്മചാരി രാജന്‍ ഉചിതമായ വിശദീകരണങ്ങള്‍ നല്കി സെമിനാറിന് മാറ്റുകൂട്ടി.
മനസ്സിന് സാംഖ്യദര്‍ശനത്തിലുള്ള വിശദീകരണം അവതരിപ്പിച്ച ലീലാമണി പഠനം ഒരു തപസ്യയാക്കി മാറ്റിക്കൊണ്ട് ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന വ്യക്തിയാണ്. സാംഖ്യദര്‍ശനത്തിന്റെ ഒരു സംക്ഷിപ്തരൂപം അവതരിപ്പിച്ചതിനു ശേഷമാണ് വിഷയത്തിലേക്കു കടന്നത്. സാംഖ്യത്തില്‍ മനോവൃത്തികള്‍ മൂന്നു തരത്തിലാണ് - മനസ്സ്, ബുദ്ധി, അഹങ്കാരം. മനസ്സ് ബാഹ്യമായി തിരിയുമ്പോള്‍ സ്ഥൂല പ്രപഞ്ചമായും ഉള്ളിലേക്കു കടന്നാല്‍ ആത്മബോധമായും മാറുന്നു. പ്രകൃതി, പുരുഷ സങ്കല്പത്തെപ്പറ്റി വിശദമായ പഠനമാണ് ലീലാമണി നടത്തിയത്.
ശനിയാഴ്ച്ച രാവിലെയും ഗുരുവിന്റെ പ്രവചനത്തോടെ തുടങ്ങി. ജീവിതത്തിന് ലക്ഷ്യബോധമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഗുരു എടുത്തു പറഞ്ഞു. തുടര്‍ന്നു നടന്ന സെമിനാറില്‍ സാധു ഗോപിദാസ് അദ്ധ്യക്ഷനായി. മനസ്സ് ഭഗവദ്ഗീതയില്‍ എന്ന വിഷയത്തില്‍ രജികുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. അര്‍ജ്ജുനന്‍ എല്ലാമറിയുന്നവനാണ്. ദിവ്യായുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ത്ഥനാണ്. എങ്കിലും യുദ്ധക്കളത്തില്‍ തളര്‍ന്നു പോകുന്നു. അതിനു കാരണം മനസ്സിനെക്കുറിച്ചുള്ള വിദ്യ മറഞ്ഞിരുന്നതാണ്. മന്മനാ ഭവ - അതാണ് ഉപദേശത്തിന്റെ കാതല്‍. ഏകവും അക്ഷരവുമായ പരമാത്മ സത്യം തന്നെയാണ് ഞാന്‍. അങ്ങനെയുള്ള എന്റെ മനസ്സുള്ളവനായിത്തീരുക. ഞാനെന്നും നീയെന്നും ഉള്ള ഭേദചിന്തയാണ് അര്‍ജ്ജുനന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. അതെല്ലാം മാറി. മനസ്സിലുള്ള സകല പാപചിന്തകളും മൂടോടെ പിഴുതെറിഞ്ഞു കളഞ്ഞു. ഇപ്പോഴുള്ളത് വിശ്വാകാരമായി നിറഞ്ഞുനില്ക്കുന്ന ഞാന്‍ മാത്രം. എല്ലാ കര്‍മങ്ങളും നടക്കുന്നത് ഈ വിശ്വപ്രകൃതിയുടെ ഭാഗമായി മാത്രം. ഈ ദര്‍ശനം കിട്ടിക്കഴിഞ്ഞാല്‍ മനസ്സിന്റെ വൈക്ലബ്യം മാറിക്കഴിഞ്ഞു.
മനസ്സ് ജ്ഞാനവാസിഷ്ഠത്തില്‍ എപ്രകാരമാണ് ദര്‍ശനീയമായിത്തീരുന്നത് എന്നു വെളിപ്പെടുത്തുന്ന പ്രബന്ധമായിരുന്നു അടുത്തത്. അവതരിപ്പിച്ചത് ഡോ.ബി.സുഗീത. സപ്തഭൂമികായോഗത്തിന്റെ വിശദീകരണത്തോടെയാണ് പ്രബന്ധം ആരംഭിച്ചത്. ജ്ഞാനിയുടെ മനസ്സ് താനേ നശിച്ചൊഴിയുകയും അജ്ഞാനിയുടേത് ശൃംഖല പോലെ എപ്പോഴും ഉപദ്രവിച്ചു കൊണ്ടിരിക്കുകയും ചെയ്യും. സംസാര വാസനകള്‍ നശിച്ച ജ്ഞാനിയായ ഒരു പുണ്യപുരുഷന്റെ മനസ്സ് ആനന്ദരൂപമല്ല, അനന്ദമല്ലാത്തതുമല്ല. അനേകം മുളകളും കൊമ്പുകളും ഫലപല്ലവങ്ങളും നിറഞ്ഞ സംസാര വൃക്ഷത്തിന്റെ നാരായ വേരായിരിക്കുന്നത് മനസ്സാണ്. മനസ്സെന്നത് സങ്കല്പമല്ലാതെ മറ്റൊന്നുമല്ല.
ശനിയാഴ്ച്ച ഉച്ചയ്ക്കുശേഷം നടന്ന സെഷന്റെ വിഷയം ഗുരുത്വവും യുവത്വവും എന്നതായിരുന്നു. സ്വാമി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഉമൈബ ടീച്ചറും ജാവീദ് അന്‍വറും മുനീര്‍ അഴിയൂരും അഭിലാഷും ഒക്കെ സംസാരിക്കുമ്പോള്‍ സന്മതികളുടെയും സുമനസ്സുകളുടെയും ഒരു വിശാല ലോകം മനസ്സില്‍ നിറയുകയായിരുന്നു.
ഞായറാഴ്ച്ച രാവിലെ മടങ്ങേണ്ടി വന്നു. അന്നു നടന്ന സെമിനാറിലെ വിവരങ്ങള്‍ തന്മയ സ്വാമി കാരുണ്യപൂര്‍വം എഴുതി അയച്ചുതന്നു.
ഞായറാഴ്ച്ചയും കാലത്ത് മനസ്സിന്റെ വിവിധ മാനങ്ങള്‍ പഠനവിധേയമായി. മനസ്സ് പൂര്‍വമീമാംസയില്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച സുഭാഷ് പൂര്‍വമീമാംസ മാത്രമല്ല, തിരുക്കുറല്‍ കൂടി പഠനവിഷയമാക്കി. തുടര്‍ന്ന് ഡോ.പി.കെ.സാബു മനസ്സ് നാരായണഗുരു ദര്‍ശനത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. ആത്മോപദേശശതകം, ദര്‍ശനമാല എന്നിവയെ അവലംബമാക്കിക്കൊണ്ട് ഗുരുവിന്റെ ദര്‍ശനത്തെ ആഴത്തില്‍ മനനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന പ്രബന്ധമാണ് അദ്ദേഹം അവതരിപ്പിച്ചത്.
നിത്യസ്നേഹ സ്മരണകള്‍ ആണ് പിന്നീട് നടന്നത്. നിത്യചൈതന്യ ഗുരുവിന്റെ സ്നേഹവും കാരുണ്യവും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കെ.പി.ബാലകൃഷ്ണന്‍, കെപിഎ റഹീം മാസ്റ്റര്‍, കെ.ടി.സൂപ്പി മാസ്റ്റര്‍, പത്മാക്ഷന്‍ മാസ്റ്റര്‍, ഡോ.ഐഷ കരുണാകരന്‍, സത്യന്‍ മാസ്റ്റര്‍, അനിരുദ്ധന്‍ മാസ്റ്റര്‍, സംഗീതരത്നം സതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം നടന്ന സാഹിത്യ സായാഹ്നത്തില്‍ ഷാജി മാസ്റ്റര്‍ അദ്ധ്യക്ഷനായി. എന്‍.പ്രഭാകരന്‍, പി.എന്‍.ദാസ്, സമദ് എന്നിവര്‍ സംസാരിച്ചു.
കണ്‍വന്‍ഷനില്‍ ആദ്യവസാനം ഗുരുവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. രാവിലെയുള്ള പ്രവചനം ഗുരുവാണ് നല്കിയത്. വര്‍ക്കല ഗുരുകുലത്തില്‍ വിജയദശമി ദിനത്തില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നതിനായി നില്ക്കേണ്ടിവന്നതിനാല്‍ ഒരു ദിവസം വൈകിയാണ് ത്യാഗീശ്വര സ്വാമി കനകമലയിലെത്തിയത്. സ്വാമി തന്മയ, ബ്രഹ്മചാരി രാമകൃഷ്ണന്‍, ശാന്താനന്ദതീര്‍ത്ഥ സ്വാമി, വിദ്യാധിരാജ സ്വാമി, പാലക്കാഴി ഗുരുകുലത്തിലെ പൂജ്യസ്വാമിജി, സാധു ഗോപിദാസ്, ബ്രഹ്മചാരി രാജന്‍, ബ്രഹ്മചാരി കരുണാകരന്‍ ഉള്‍പ്പെടെയുള്ള സന്ന്യാസികളും ബ്രഹ്മചാരികളും വര്‍ക്കല ഗുരുകുലത്തില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളും നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ ഗുരുകുല ബന്ധുക്കളും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഈ പൂജഅവധിക്കാലം അവിസ്മരണീയമായ ഒരനുഭവമായിത്തീര്‍ന്നു.
ബ്രഹ്മചാരി ഗിരീഷിന്റെ മധുരവും സൗമ്യവും പ്രസന്നവുമായ പെരുമാറ്റവും അതിഥി പൂജയും ഏറ്റവും ഹൃദ്യമായി. പോയ് വരാം എന്ന യാത്രാമൊഴിയോടെ അവിടെ നിന്നും ഇറങ്ങി നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ